ജൊഹാനസ്ബര്‍ഗ്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ പാരാഅത്‌ലറ്റ് ഓസ്‌കര്‍ പിസ്‌റ്റോറിയസിനെതിരെ കൊലക്കുറ്റം ചുമത്തി. മനഃപൂര്‍വമല്ലാത്ത നരഹത്യയെന്ന കീഴ്‌ക്കോടതി വിധി റദ്ദാക്കിയാണ് പിസ്‌റ്റോറിയസിനെതിരേ ദക്ഷിണാഫ്രിക്കന്‍ സുപ്രീം കോടതി കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
തന്റെ പ്രവൃത്തി മരണത്തില്‍ കലാശിക്കുമെന്നു പിസ്റ്റോറിയസിനു ബോധ്യമുണ്ടായിരുന്നെന്നു വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു. വിധി കേള്‍ക്കുന്നതിന് കൊല്ലപ്പെട്ട റീവ സ്റ്റീന്‍കാമ്പിന്റെ അമ്മ ജൂണ്‍ എത്തിയിരുന്നു. നിലവില്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ് പിസ്‌റ്റോറിയസ്.
2013ലെ പ്രണയദിനത്തില്‍ വീട്ടിലെത്തിയ കാമുകി റീവ സ്റ്റീന്‍കാമ്പിനെ വെടിവച്ചു കൊന്നുവെന്നാണു കേസ്. കൊലപാതകം പിസ്‌റ്റോറിയസ് സമ്മതിച്ചുവെങ്കിലും മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ചാണെന്നും വെടിവച്ചുകൊല്ലാന്‍ ഒരു കാരണവുമില്ലെന്നും ആരോ മുറിയില്‍ കയറിയെന്നു തെറ്റിദ്ധരിച്ച്, ജീവഭയത്താല്‍ വെടിവച്ചുവെന്നുമായിരുന്നു പിസ്‌റ്റോറിയസ് നേരത്തെ മൊഴി നല്‍കിയിരുന്നത്.
2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സ് പൊതുവിഭാഗത്തില്‍ മത്സരിച്ച ആദ്യ പാരാലിമ്പ്യന്‍ താരമാണ് പിസ്‌റ്റോറിയസ്.