ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡ് നാമനിര്‍ദ്ദേശത്തിനായുള്ള അന്തിമ പട്ടികയില്‍ ഇടംനേടാനാകാതെ സോയ അക്തര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഗല്ലി ബോയ്.
92ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ അന്തിമ പട്ടികയില്‍ പത്ത് ചിത്രങ്ങളാണ് ഇടംനേടിയത്. ഗല്ലി ബോയ് ഉള്‍പ്പടെ 91 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഓസ്‌കാര്‍ എന്‍ട്രിയ്ക്ക് അര്‍ഹത നേടിയിരുന്നത്.
രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 14നാണ് ഗല്ലി ബോയ് ഇന്ത്യയിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മ്യൂസിക്കല്‍-ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രം മുംബൈയിലെ തെരുവുകളില്‍ ജീവിക്കുന്ന ഒരു റാപ്പറുടെ കഥയാണ് പറയുന്നത്.
സംഗീതലോകത്ത് വ്യക്തിമുദ്ര പതിപ്പിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന മുറാദ് അഹമ്മദ് എന്ന കഥാപാത്രത്തെയാണ് രണ്‍വീര്‍ സിംഗ് അവതരിപ്പിച്ചത്. മെഡിക്കല്‍ വിദ്യാര്‍ഥി സഫീന ഫിര്‍ദൗസിയായാണ് അലിയ ഭട്ട് എത്തിയത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം.