92-ാമത് ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയത് ജൂലിയ റെയിച്ചെര്‍ട്ട് ആണ്. ‘അമേരിക്കന്‍ ഫാക്ടറി’ എന്ന ഡോക്യുമെന്ററിയാണ് ജൂലിയ റെയിച്ചെര്‍ട്ടിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
തൊഴിലാളികള്‍ മുമ്പത്തേക്കാള്‍ ഏറെ കഠിനമായ ദിനങ്ങളിലൂടെ കടന്നുപോവുകയാണിപ്പോഴെന്നാണ് പുരസ്‌കാരം ഏറ്റു വാങ്ങി കൊണ്ട് ജൂലിയ റെയിച്ചെര്‍ട്ട് പറഞ്ഞത്.
‘തൊഴിലാളികള്‍ മുമ്പത്തേക്കാള്‍ ഏറെ കഠിനമായ ദിനങ്ങളിലൂടെ കടന്നുപോവുകയാണിപ്പോള്‍. ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നത്, പരിതഃസ്ഥിതികള്‍ മെച്ചപ്പെടുന്നത് സര്‍വരാജ്യ തൊഴിലാളികള്‍ സംഘടിക്കുന്നതിലൂടെയായിരിക്കും എന്നായിരുന്നു റെയിച്ചെര്‍ട്ടിന്റെ വാക്കുകള്‍. ജൂലിയ റെയിച്ചെര്‍ട്ടിന്റെ ഈ വാക്കുകള്‍ നിലവിലെ ലോകത്തിന്റെ സാമൂഹ്യപരിതസ്ഥിതി തുറന്നുകാണിക്കുന്നതാണ്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്ന് കടം കൊണ്ടിരിക്കുന്ന വാക്കുകളായിരുന്നു ജൂലിയയുടേത്. 1848ല്‍ പുറത്തിറങ്ങിയ മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് എഴുതിയ അവിസ്മരണീയമായ ആഹ്വാനമാണ് ‘അഖിലലോക തൊഴിലാളികളെ, സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് നഷ്ടപ്പെടുവാനുള്ളത് കൈവിലങ്ങുകള്‍ മാത്രമാണ്,നേടാനുള്ളത് പുതിയൊരു ലോകവും’ എന്നത്. ഇതാണ് ഓസ്‌കര്‍ വേദിയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം വാങ്ങിക്കൊണ്ട് ജൂലിയ റെയിച്ചെര്‍ട്ട് പറഞ്ഞത്.