അപ്‌ഗ്രേഡുകളുമായി ‘ഓസ്മോ പോക്കറ്റ് 3’; റൊട്ടേറ്റിങ് ക്യാമറ, എഐ ഫീച്ചറുകള്‍, ഉയര്‍ന്ന ബാറ്ററി ലൈഫ്

സ്മോ പോക്കറ്റ് 2 പുറത്തിറക്കി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഡിജെഐയുടെ ഏറ്റവും പുതിയ ജിമ്പല്‍ ക്യാമറയായ ഓസ്മോ പോക്കറ്റ് 3 പുറത്തിറക്കി. ഒട്ടനവധി പുതിയ അപ്ഗ്രേഡുകളോടുകൂടിയാണ് ഓസ്മോ പോക്കറ്റ് 3 അവതരിപ്പിച്ചിരിക്കുന്നത്. വലിയ സെന്‍സര്‍, റോട്ടേറ്റ് ചെയ്യാന്‍ സാധിക്കുന്ന വലിയ ടച്ച് സ്‌ക്രീന്‍, എഐ ഫീച്ചറുകള്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു. 10-ബിറ്റ് ഡി-ലോഗ്, 10 ബിറ്റ് എച്ച്എല്‍ജി കളര്‍ മോഡുകള്‍ ക്യാമറയില്‍ ലഭ്യമാണ്. ഇത് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്ക് സഹായകമാവും. ക്യാമറയുടെ ബാറ്ററി ശേഷിയും മെച്ചപ്പെട്ടിട്ടുണ്ട്. 60 എഫ്പിഎസിലുള്ള 4 കെ വീഡിയോകള്‍ ചിത്രീകരിക്കുമ്പോള്‍ ഏകദേശം രണ്ട് മണിക്കൂര്‍ (116 മിനിറ്റ്) നേരം ചാര്‍ജ് ലഭിക്കും.

120 എഫ്പിഎസില്‍ 4കെ വീഡിയോ ചിത്രീകരിക്കാന്‍ പോക്കറ്റ് 3 യില്‍ സാധിക്കും. ഒരു ഇഞ്ച് വലിപ്പമുള്ള സിമോസ് സെന്‍സറുമായാണ് പുതിയ ഓസ്മോ പോക്കറ്റ് 3 അവതരിപ്പിച്ചിരിക്കുന്നത്. പോക്കറ്റ് 2 നേക്കാള്‍ വലുതാണിത്. ഇത് പ്രകാശം കുറഞ്ഞ ഇടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ക്യാമറയെ പ്രാപ്തമാക്കുന്നു.

പ്രത്യക്ഷത്തിലുള്ള ഏറ്റവും വലിയ മാറ്റം ഇതിലെ സ്‌ക്രീന്‍ ആണ്. ഒരു ചെറു സ്റ്റാമ്പിന്റെ വലിപ്പമുള്ള ഡിസ്പ്ലേയാണ് മുന്‍ഗാമികളില്‍ ഉണ്ടായിരുന്നത് എങ്കില്‍, ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന വലിയ റൊട്ടേറ്റിങ് ടച്ച് സ്‌ക്രീന്‍ ആണ് പോക്കറ്റ് 3 ല്‍ ഉള്ളത്. തിരിക്കാന്‍ സാധിക്കുന്നതിനൊപ്പം വെര്‍ട്ടിക്കള്‍ വീഡിയോകള്‍ എളുപ്പം പകര്‍ത്താനും ഈ ക്യാമറയില്‍ സാധിക്കും. വ്ളോഗ് വീഡിയോകള്‍ക്ക് പുറമെ, സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്ക് വേണ്ടിയുള്ള വെര്‍ട്ടിക്കല്‍ വീഡിയോകള്‍ പകര്‍ത്താന്‍ ഇത് സഹായിക്കും.

ഇതിലെ ഇന്റലിജന്റ് ഫീച്ചറുകളിലും അപ്ഗ്രേഡ് വന്നിട്ടുണ്ട്. ആക്ടീവ് ട്രാക്ക് 6.0 സാങ്കേതിക വിദ്യയില്‍ ഇപ്പോള്‍ ഫേസ് ഓട്ടോ ഡിറ്റക്ഷനും ഡൈനാമിക് ഫ്രെയിമിങും സാധ്യമാണ്. അതായത് ചലിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മുഖം പിന്തുടര്‍ന്ന് പകര്‍ത്താന്‍ ഇതിന്റെ ക്യാമറയ്ക്ക് സാധിക്കും. ഇത് ചിത്രീകരിക്കുന്ന സബ്ജക്ടില്‍ ക്യാമറ ഫ്രെയിം കൃത്യമായിരിക്കാന്‍ സഹായിക്കും. ഡിജെഐ ഓസ്മോ പോക്കറ്റ് 3 യുഎസ് വിപണിയില്‍ ലഭ്യമാണ്. 519 ഡോളറാണ് (43199 രൂപ) ഇതിന് വില. ഇന്ത്യന്‍ വിപണിയിലെ കൃത്യമായ വില ലഭ്യമല്ല. ഓസ്മോ പോക്കറ്റ് 2 ന് 29987 രൂപയാണ് ആമസോണില്‍ വില.

Top