രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ‘ഇന്ത്യ’ സഖ്യത്തില്‍ കോണ്‍ഗ്രസിന് കടുത്ത സമ്മര്‍ദ്ദം

ഡല്‍ഹി: അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി ഇതര പാര്‍ട്ടികള്‍. ചടങ്ങില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കരുതെന്നാണ് ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന്റെ ഈ നിലപാടിനോട് ചില സംസ്ഥാന ഘടകങ്ങള്‍ക്കും കടുത്ത വിയോജിപ്പുണ്ടെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസും, ആര്‍ജെഡിയും, ജെഡിയുവും ചടങ്ങ് ബഹിഷ്‌ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചടങ്ങിലേക്ക് സോണിയാഗാന്ധിക്ക് ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. സോണിയ അല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരെങ്കിലും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ച സമസ്ത മുഖപ്രസംഗത്തോടുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് സമസ്ത മുഖ്യപത്രവുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമുണ്ടായത്. എന്നാല്‍ ചോദ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു കെ.സി വേണുഗോപാല്‍. അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കൃത്യസമയത്ത് ഉത്തരം കിട്ടുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Top