സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ സാധ്യമല്ല ; സുപ്രീം കോടതി

ദില്ലി: സ്വകാര്യതയില്ലെങ്കില്‍ പൗരന്‍മാരുടെ മറ്റ് അവകാശങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സുപ്രിം കോടതി.

സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയം പരിഗണിക്കവെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.

ആധാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിന് മുന്നോടിയായണ് ഭരണഘടനാ ബെഞ്ച് സ്വകാര്യത മൗലികാവകാശമാണോ എന്നവിഷയം പരിശോധിക്കുന്നത്. ഇതിന് ശേഷമാകും ആധാറിന്റെ ഭരണഘടനാ സാധുത കോടതിയിലെ അഞ്ചംഗ ബെഞ്ച് പരിശോധിക്കുക.

ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്. വാദം തുടങ്ങിയപ്പോള്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം സ്വകാര്യതയ്ക്കുള്ള അവകാശം സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് വ്യക്തമാക്കി.

സ്വകാര്യത മറ്റ് അവകാശങ്ങളുടെ കീഴില്‍ നില്‍ക്കേണ്ട കാര്യമല്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന സവിശേഷ അവകാശമായ സ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണിത്. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികള്‍ സ്വകാര്യതയേയും ഇല്ലാതാക്കും.

1954 ലെ എംപി ശര്‍മ കേസിലേയും 1962 ലെ ഖരക് സിംഗ് കേസിലേയും സ്വകാര്യത മൗലികാവകാശമല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി പൊതുവത്കരിക്കാന്‍ കഴിയില്ല.

1978 ലെ മേനകാ ഗാന്ധി കേസിലെ വിധിക്ക് ശേഷം തുല്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശങ്ങളെ ഒരുമിച്ച് വായിക്കേണ്ടതാണ്. ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അഭിപ്രായപ്പെട്ടത്.

Top