തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന വാര്‍ദ്ധക്യത്തിലെത്തിയവരും ഗര്‍ഭിണികളും കുട്ടികളും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് ഉത്തരവിറക്കി പൊതുഭരണവകുപ്പ്. 75 വയസിന് മുകളില്‍ പ്രായമുള്ളവരും പത്തു വയസില്‍ താഴെയുള്ള കുട്ടികളും അവര്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്കുമാണ് ഇത് ബാധകം.
പെയ്ഡ് ക്വാറന്റൈന്‍ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം പാസില്ലാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ എത്തുന്നത് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പ്രതിസന്ധിയാകുന്നതോടെ പാലക്കാട് വാളയാറില്‍ തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വാളയറില്‍ എട്ട് കൗണ്ടറുകള്‍ അടിയന്തരമായി തുറക്കാനാണ് തീരുമാനം.
അതേസമയം കര്‍ണാടകയില്‍ നിന്നും പാസില്ലാതെ വരുന്നവരെ മുത്തങ്ങ വഴി കടത്തിവിടില്ലെന്ന തീരുമാനമാണ് വയനാട് കളക്ടര്‍ സ്വീകരിച്ചത്. ഇവരെ തിരിച്ചയയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം രജിസ്റ്റര്‍ ചെയ്തു വരുന്നവര്‍ക്കായി ടാക്‌സി കാറുകള്‍ ഏര്‍പ്പാടാക്കും. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് ഒരു കാരണവശാലും ഇളവുകള്‍ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.