ഒടിടി പ്ലാറ്റ് ഫോം സി സ്‌പേസ് പ്രേക്ഷകരിലേക്ക്; ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ് ഫോം സി സ്‌പേസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോഞ്ച് ചെയ്തു. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. കെഎസ്എഫ് ഡിസിക്കാണ് ഒടിടിയുടെ നിര്‍വ്വഹണച്ചുമതല. സി സ്‌പേസിലേക്കുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്. മലയാള സിനിമയുടെ പരിപോഷണത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന ഒരു പുതിയ ചുവടുവെയ്പ്പായി സി- സ്‌പെസ് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഒടിടി പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സിനിമ പ്രദര്‍ശനത്തിന്റെ ചരിത്രത്തിലെ വര്‍ത്തമാന കാല ഏടായി മാറുകയാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. മാറുന്ന ആസ്വാദന രീതികളുടെ പുതിയ സങ്കേതങ്ങളാണവ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളും കളറും കടന്ന് വെര്‍ച്വല്‍ റിയാലിറ്റിയിലും ഓക്‌മെന്റല്‍ റിയാലിറ്റിയിലും എഐയിലും എല്ലാം വന്നെത്തിയിരിക്കുകയാണ്. സിനിമ പ്രദര്‍ശനത്തിലും ആസ്വാദനത്തിലും അതിനനുസൃതമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്, പിണറായി വിജയന്‍ വ്യക്തമാക്കി.

നിര്‍മ്മാതാക്കള്‍ തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പക്കാതെ നേരിട്ട് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നത് സിനിമ വ്യവസായത്തിന് നഷ്ടമുണ്ടാക്കുന്നുവെന്നാണ് തിയേറ്ററുടമകളും ഡിസ്ട്രിബ്യൂട്ടേഴ്‌സും പറയുന്നത്. അത് കണക്കിലെടുത്ത് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രങ്ങളായിരിക്കും സി സ്‌പേസില്‍ തിരഞ്ഞെടുക്കുക. കാണുന്ന ചിത്രങ്ങള്‍ക്ക് മാത്രം പണം നല്‍കേണ്ടി വരുന്ന പേപ്പര്‍ വ്യു രീതിയാണ് സി സ്‌പേസില്‍ അവലംബിച്ചിട്ടുള്ളത്. ഒരു ഫീച്ചര്‍ ഫിലിം കാണാന്‍ 75 രൂപ. കുറഞ്ഞ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ക്ക് അതിനനുസരിച്ചുള്ള നിരക്ക്. പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ നേര്‍പകുതി നിര്‍മ്മാതാവിനോ പകര്‍പ്പകവകാശമുള്ള വ്യക്തിക്കോ സ്ഥാപനത്തിനോ ആണ് ലഭിക്കുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top