മരക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് എല്ലാ ശ്രമവും നടത്തി, ചര്‍ച്ചയ്ക്ക് പോലും തയ്യാറായില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചതിന് പിന്നാലെ സ്ഥിരീകരണവുമായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. തീരുമാനത്തിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യിക്കുന്നതിന് എല്ലാ ശ്രമവും നടത്തി. എന്നാല്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്യിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. തിയേറ്ററുകള്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായില്ല. അവര്‍ വേണ്ട പിന്തുണയും നല്‍കിയില്ല. തിയേറ്ററുകളെ സഹായിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ സഹകരിച്ചില്ല. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും പിന്തുണയോടെയാണ് ഒ.ടി.ടി തീരുമാനമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 40 കോടി രൂപ അഡ്വാന്‍സായി തിയേറ്ററുകളില്‍ നിന്ന് വാങ്ങിയിട്ടില്ല. 4.89 കോടി മാത്രമാണ് വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മരക്കാര്‍ ഒ ടി ടി റിലീസായിരിക്കുമെന്ന് ഫിലിം ചേംബര്‍ നേരത്തെ അറിയിച്ചിരുന്നു. തിയേറ്റര്‍ റിലീസിനായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചെന്നും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍ അറിയിച്ചു. ഇന്നത്തെ ചര്‍ച്ചകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതും ചേംബര്‍ തന്നെയെന്നും സുരേഷ് കുമാര്‍ പറഞ്ഞു. നഷ്ടമുണ്ടായാല്‍ നികത്തണമെന്ന് നിര്‍മാതാവ് ആവശ്യപ്പെട്ട ഉപാധി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അംഗീകരിച്ചില്ല. ഫിയോക്ക് വാശി പിടിക്കരുതെന്നും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് തിയേറ്റര്‍ ഉടമകളുടെ പ്രതിനിധിയായ ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.

Top