ഒറ്റപ്പാലം കൊലപാതകം; ആഷിഖിന്റെ മരണകാരണം നെഞ്ചിലേറ്റ നാല് കുത്തുകള്‍

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആഷിഖിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആഷിഖിന്റെ മരണകാരണം നെഞ്ചില്‍ ആഴത്തിലേറ്റ നാലു കുത്തുകളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മോഷണ കേസില്‍ അറസ്റ്റിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് എന്ന യുവാവിനെ പട്ടാമ്ബി പൊലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹത്തില്‍ അഞ്ച് മുറിവുകളുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇയാളുടെ കഴുത്തിലും കുത്തേറ്റ പാടുകള്‍ ഉണ്ട്. ശരീരത്തില്‍ പല ഭാ?ഗത്തും ചതവുകളുളളതായും കണ്ടെത്തിയിട്ടുണ്ട്. 2015 ലെ മോഷണക്കേസിലാണ് മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പൊലീസ് കസ്റ്റിഡിയിലെത്ത് ചോദ്യം ചെയ്തത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു വെളിപ്പെടുത്തല്‍. ആഷിഖിനെ കൊലപ്പെടുത്തിയത് മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നുവെന്നും ഫിറോസ് മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 17നാണ് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ പ്രതി ഫിറോസ് കത്തികൊണ്ടു കുത്തികൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് തര്‍ക്കത്തിനിടെ തന്നെ കുത്താന്‍ ശ്രമിച്ചെന്നും ഇതേ കത്തി പിടിച്ച് വാങ്ങി ആഷിഖിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു എന്നാണ് ഫിറോസിന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്ന് തന്റെ പെട്ടിയോട്ടോയില്‍ മൃതദേഹം ചിനക്കത്തൂരിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ച് മൂടുകയുമായിരുന്നു എന്നാണ് വെളിപ്പെടുത്തല്‍.

Top