വാഷിംഗ്ടണ്‍: ഉത്തരകൊറിയയിലെ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ തടവില്‍ നിന്നു മോചിതനായ യുഎസ് വിദ്യാര്‍ഥി ഒട്ടോ ഫെഡറിക് വാംബിയര്‍ (22) മരിച്ചു.
വാംബിയറിന്റെ വീട്ടുകാരാണ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ 13നാണ് ഉത്തരകൊറിയ വിട്ടയച്ചത്. ഭക്ഷ്യവിഷബാധയ്ക്കുള്ള മരുന്നു കഴിച്ചതിനെത്തുടര്‍ന്ന് നാളുകളായി വാംബിയര്‍ അബോധാവസ്ഥയിലായരുന്നു.
ഉത്തരകൊറിയ വിട്ടയച്ചതിനെ തുടര്‍ന്ന് വിമാനമാര്‍ഗം യുഎസിലെ ഒഹിയോയിലെത്തിയ വാംബിയറിനെ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മകന്‍ ഉത്തരകൊറിയയില്‍ അനുഭവിച്ച നരകയാതനകള്‍ വാംബിയറിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മാനുഷിക പരിഗണനയുടെ പേരിലെന്ന് വ്യക്തമാക്കിയാണ് 17 മാസങ്ങള്‍ക്കു ശേഷം ഉത്തരകൊറിയ വാംബിയറിനെ മോചിപ്പിച്ചത്.
യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയയിലെ വിദ്യാര്‍ഥിയായ വാംബിയര്‍ ടൂറിസ്റ്റായാണ് ഉത്തരകൊറിയയില്‍ എത്തിയത്. ഒരു ഹോട്ടലിലെ പ്രചാരണ ബാനര്‍ മോഷ്ടിച്ചെന്ന കേസില്‍ കസ്റ്റഡിയിലെടുത്ത വാംബിയറെ കോടതി 15 വര്‍ഷം ലേബര്‍ ക്യാമ്പില്‍ പണിയെടുക്കാന്‍ ശിക്ഷിച്ചു. ഇതിനിടയിലാണു മരുന്നിന്റെ പാര്‍ശ്വഫലത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായത്.