രോഗത്തിന്റെ വിധം മാറുമ്പോള്‍ വാക്‌സിനുകള്‍ ഫലപ്രദമല്ലാതായേക്കാം; കരുതിയിരിക്കണമെന്ന്‌ നീതി ആയോഗ്

ന്യൂഡല്‍ഹി: മാറിവരുന്ന സാഹചര്യങ്ങളില്‍ നമ്മുടെ വാക്‌സിനുകള്‍ ഫലപ്രദമല്ലാതാകാനുള്ള സാധ്യതയുണ്ടെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോള്‍. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് അതിനോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിയുന്ന വാക്‌സിന്‍ ഇന്ത്യയിലുണ്ടാകണമെന്ന് പോള്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച സി.ഐ.ഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാര്‍വത്രിക വാക്സിന്‍ കവറേജ് ഉണ്ടെന്നും എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും പോള്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് ശേഷമുള്ള മൂന്നാഴ്ചത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍, എന്തെല്ലാം സംശയങ്ങള്‍ ഉയര്‍ന്നുവന്നുവെന്ന് നമ്മള്‍ കണ്ടു. അവയില്‍ ചിലത് യഥാര്‍ത്ഥമായിരിക്കാം. എന്നാല്‍ നമുക്ക് ഇപ്പോഴും അന്തിമ ചിത്രം ലഭിച്ചിട്ടില്ലെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.

മാറിവരുന്ന സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ കഴിയുന്ന വാക്സിന്‍ പ്ലാറ്റ്ഫോമുകള്‍ ഉണ്ടെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കണം. വകഭേദങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച്, നമ്മള്‍ അതിനൊത്ത് മുന്നോട്ട് പോകണമെന്നും വി.കെ പോള്‍ ചൂണ്ടിക്കാട്ടി.

Top