ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 230 എം.എല്‍.എമാരില്‍ 90 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. ഇതില്‍ 34 പേര്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യം ചെയ്തവരാണ്.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) എന്ന എന്‍.ജി.ഒ ആണ് എം.എല്‍.എമാര്‍ പത്രിക സമര്‍പ്പണ സമയത്ത് നല്‍കിയ സത്യപ്രസ്താവനകളെ ഉദ്ധരിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
ശിവപുരി ജില്ലയിലെ പിച്ചോര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബി.ജെ.പി എം.എല്‍.എ പ്രീതം ലോധി കൊലപാതകക്കേസ് പ്രതിയാണ്. മറ്റ് അഞ്ച് എം.എല്‍.എമാര്‍ കൊലപാതകശ്രമക്കേസിലും പ്രതിയാണ്. എം.എല്‍.എമാരില്‍ മൂന്ന് പേര്‍ക്കെതിരെ സ്ത്രീകളെ ആക്രമിച്ചതിനുള്ള കേസുമുണ്ട്.2018ല്‍ വിജയിച്ച എം.എല്‍.എമാരില്‍ 94 പേരായിരുന്നു ക്രിമിനല്‍ കേസ് പ്രതികള്‍. 230 അംഗ സഭയുടെ 41 ശതമാനം വരുമായിരുന്നു ഇത്. ഇത്തവണ ഇത് 39 ശതമാനമായി കുറഞ്ഞു (90 പേര്‍). ജാമ്യം ലഭിക്കാത്ത ഗുരുതര കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട എം.എല്‍.എമാരുടെ എണ്ണം 2018ല്‍ 48 ആയിരുന്നു. ഇത്തവണ 34 ആണ്.
230ല്‍ 163 സീറ്റുകള്‍ സ്വന്തമാക്കിയാണ് ബി.ജെ.പി മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്തിയത്. 2018ല്‍ 109 സീറ്റ് മാത്രമായിരുന്നു ബി.ജെ.പിക്ക്. കഴിഞ്ഞ തവണ 114 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ 66 സീറ്റില്‍ ഒതുങ്ങി. പുതിയതായെത്തിയ ഭാരത് ആദിവാസി പാര്‍ട്ടി ഒരു സീറ്റ് നേടി.163 ബി.ജെ.പി എം.എല്‍.എമാരില്‍ 51 പേര്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നവരാണ്. ഇതില്‍ 16 പേര്‍ ജാമ്യം ലഭിക്കാത്ത ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയാണ്. കോണ്‍ഗ്രസില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്ന എം.എല്‍.എമാര്‍ 38 ആണ്. 17 പേരാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതി. ഭാരത് ആദിവാസി പാര്‍ട്ടിയുടെ ഒരേയൊരു എം.എല്‍.എയും കേസില്‍ പ്രതിയാണ്.
മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് തനിക്കെതിരെ രണ്ട് കേസുള്ളതായാണ് സത്യപ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഭോപ്പാലിലും ഇന്‍ഡോറിലുമായി വ്യാജരേഖ ചമക്കല്‍, വഞ്ചനാകേസ് എന്നിവയാണ് കമല്‍ നാഥിനുള്ളത്. രണ്ട് കേസിലും കോടതി കുറ്റം ചുമത്തിയിട്ടില്ല. അതേസമയം, ഇപ്പോഴത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ നിലവില്‍ കേസുകളൊന്നുമില്ല.