രാംപുരഹട്ട്: ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോ സ്വര്‍ണവും 90 നാണയങ്ങളും. മര്‍ഗ്രാം സ്വദേശിയായ യുവതിയുടെ വയറ്റില്‍ നിന്നുമാണ് ആഭരണങ്ങള്‍ നീക്കം ചെയ്തത്.
മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരം തുടങ്ങിയ ആഭരണങ്ങളും അഞ്ച്, പത്ത് രൂപയുടെ 90 നാണയങ്ങളുമാണ് യുവതിയുടെ വയറ്റില്‍നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കിയത്.
പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. 29 വയസ്സുള്ള യുവതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ഡോക്ടര്‍ പറഞ്ഞു.
അടുത്ത കാലത്ത് ഇവരുടെ വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കാണാതാകുന്നത് പതിവായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ മകള്‍ കരച്ചില്‍ ആരംഭിക്കും. അതിനാല്‍ അവളെ രഹസ്യമായി നിരീക്ഷിച്ചു. അങ്ങനെയാണ് ആഭരണങ്ങള്‍ വിഴുങ്ങുന്നുണ്ടെന്ന് മനസ്സിലായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നും യുവതിയുടെ അമ്മ പറഞ്ഞു.