ഇക്വഡോര്‍ ജയിലില്‍ വന്‍ കലാപം,116 തടവുകാര്‍ കൊല്ലപ്പെട്ടു !

ക്വിറ്റോ: ഇക്വഡോറിലെ വലിയ ജയിലുകളിലൊന്നിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 116 ആയി ഉയര്‍ന്നു. 5 പേരുടെ തലയറുത്ത നിലയിലാണ് കണ്ടെത്തിയത് .

ഗുവയാസ് പ്രവിശ്യ ജയിലിലെ തടവുകാര്‍ തമ്മില്‍ ബോംബും കത്തിയും ഉപയോഗിച്ച് ഏറ്റുമുട്ടി. ഭൂരിഭാഗം പേരും വെടിയേറ്റാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ വേറെ 80 തടവുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജയിലിന്റെ നിയന്ത്രണത്തിനായി സംഘങ്ങള്‍ തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. മെക്‌സിക്കന്‍ മയക്കുമരുന്ന് സംഘങ്ങളാണ് ആക്രമണത്തിന് തുടക്കമിട്ടത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ഇക്വഡോറില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും മാരകമായ കലാപമാണിത്.

സമാനമായ ഏറ്റുമുട്ടലുകള്‍ ഈ വര്‍ഷം ഫെബ്രുവരിയിലും ജൂലൈയിലും രാജ്യത്തെ വിവിധ ജയിലുകളില്‍ നടന്നിരുന്നു. ഫെബ്രുവരിയിലെ അക്രമത്തില്‍ 79പേരും ജൂലൈയില്‍ 22പേരും കൊല്ലപ്പെട്ടു.

സുരക്ഷാ സേനയെ അയയ്ക്കുമെന്നും സുരക്ഷക്കായി കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും പ്രസിഡന്റ് ഗില്ലെര്‍മോ ലാസ്സോ പറഞ്ഞു.

Top