ഡോക്ടറെ മര്‍ദിച്ച സംഭവം: ബംഗാളില്‍ നൂറിലധികം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു

കൊല്‍ക്കത്ത: ബംഗാളിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് നൂറിലധികം സീനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്ന് ക്രൂരമായി മര്‍ദനമേല്‍ക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് നടക്കുന്ന സമരത്തിന്റെ തുടര്‍ച്ചയായാണ് രാജി.

കൊല്‍ക്കത്ത, ബുര്‍ദ്വാന്‍, ഡാര്‍ജിലിങ്, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലെ വകുപ്പ് തലവന്‍മാര്‍ അടക്കമുള്ളവര്‍ രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ക്രൂരമര്‍ദനത്തിനിരയാകേണ്ടിവന്ന ഡോക്ടര്‍മാരെ പിന്തുണച്ച്ആരംഭിച്ച പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് രാജിവെച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുരക്ഷ നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് ഒരു നീക്കവും ഉണ്ടാകാത്തതിനാലാണ് ഇത്തരമൊരു നടപടിയിലേയ്ക്ക് നീങ്ങിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

വെള്ളിയാഴ്ച സമരത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയിരുന്നു. സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെമ്പാടുമുള്ള ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പണിമുടക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടര്‍മാക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്.

Top