ശീതക്കൊടുക്കാറ്റില്‍ വലഞ്ഞ് അമേരിക്ക, 2300 വിമാനങ്ങള്‍ റദ്ദാക്കി

ന്യൂയോർക്ക്: ശീതക്കാറ്റും മഞ്ഞുവീഴ്ചയും മൂലം അമേരിക്കയിൽ 2300ലധികം വിമാന സർവീസുകൾ റദ്ദാക്കി. ശീതക്കൊടുക്കാറ്റ് ബസ്, ട്രെയിൻ സർവീസുകളെയും ബാധിച്ചതോടെ ജനജീവിതം ദുസ്സഹമായി. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും തണുത്ത ക്രിസ്മസ് ദിനങ്ങളാണ് വരാൻ പോകുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഷിക്കാഗോ, ഡെൻവർ മേഖലയിലാണ് ശീതക്കൊടുക്കാറ്റ് കൂടുതൽ ആഘാതം സൃഷ്ടിച്ചത്. ഇരു നഗരങ്ങളിലെയും വിമാനത്താവളങ്ങളിൽ നൂറ് കണക്കിന് വിമാന സർവീസുകളാണ് റദ്ദാക്കിയത്. കടുത്ത തണുപ്പിനെ തുടർന്ന് അമേരിക്കയിൽ പത്തുകോടി ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില മൈനസ് 13 ഡിഗ്രിയിലേക്ക് വരെ താഴ്ന്നതായാണ് റിപ്പോർട്ട്. മഞ്ഞുവീഴ്ച ശക്തമായതോടെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടെ നിരവധിപ്പേരാണ് പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നത്.

Top