ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കപ്പെട്ട ശേഷം രാജ്യത്തെമ്പാടുമായി പുതുതായി ആരംഭിച്ചത് 30 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പുതുതായി ആരംഭിച്ച അക്കൗണ്ടുകളില്‍ മൂന്നിലൊന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. കണക്കുകള്‍ പ്രകാരം 50,000ത്തോളം അക്കൗണ്ടുകളാണ് എസ്ബിഐയില്‍ പ്രതിദിനം തുറക്കുന്നത്.
അസാധുനോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റിവാങ്ങാനുമായി സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ബാങ്കുകള്‍ ഫാക്ടറികളിലും തേയില തോട്ടങ്ങളിലും ഹൗസിംഗ് കോളനികളിലും പ്രത്യേകക്യാമ്പുകള് തന്നെ സംഘടിപ്പിച്ചിരുന്നു.
ജീവനക്കാര്‍ക്ക് നേരിട്ട് പണം നല്‍കിയിരുന്ന കമ്പനികളും നോട്ട് ക്ഷാമം കണക്കിലെടുത്ത് തൊഴിലാളികള്‍ക്കായി വന്‍തോതില്‍ സാലറി അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം നോട്ട് പ്രതിസന്ധി തീര്‍ന്നു കഴിഞ്ഞാല്‍ ഇപ്പോള്‍ ആരംഭിച്ച അക്കൗണ്ടുകളില്‍ നല്ലൊരു പക്ഷവും നിര്‍ജീവമാക്കുമെന്നും വിലയിരുത്തലുണ്ട്.