ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വെ പാലങ്ങള്‍ക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ അറിയിച്ചു. ഏകദേശം 37,000 പാലങ്ങളാണ് ഇത്തരത്തില്‍ കാലപ്പഴക്കം വന്നിട്ടുള്ളതെന്നും കാലപ്പഴക്കം ഏറെയുള്ള പാലങ്ങള്‍ കൂടുതലും വടക്കന്‍ സോണിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോകസഭയിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
റെയില്‍വെയില്‍ 37,162 പാലങ്ങള്‍ നൂറുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതാണെന്നും എന്നാല്‍ കാലപ്പഴക്കം കൊണ്ട് ഇവ ഉപയോഗ ശൂന്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാലങ്ങളുടെ ശേഷിയും നിലനില്‍പ്പും പരിശോധിക്കാനും അവയെ കാര്യക്ഷമമായി നിലനിര്‍ത്താനും കൃത്യമായ മാര്‍ഗങ്ങളും സംവിധാനങ്ങളും റെയില്‍ വെക്കുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
വര്‍ഷത്തില്‍ രണ്ടുതവണ പാലങ്ങളില്‍ വിശദമായ പരിശോധന നടത്താറുണ്ടെന്നും മഴക്കാലത്തിന് മുമ്പും, മഴക്കാലത്തിന് ശേഷവും പാലങ്ങളിലെ മാറ്റങ്ങളെപ്പറ്റി പരിശോധിക്കാറുണ്ടെന്നും, ചില റെയില്‍ പാലങ്ങള്‍ അവയുടെ അവസ്ഥ പരിഗണിച്ച് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കാറുമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ ആവശ്യമായി വരുമ്പോള്‍ അവ ചെയ്തു തീര്‍ക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 3, 675 പാലങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തിയിട്ടുണ്ടെന്നും , 3017 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. 252 പാലങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലാണെന്നും, ഇതില്‍ കൂടി സാധാരണ വേഗതയിലുള്ള ട്രെയിന്‍ ഗതാഗതം പോലും സുരക്ഷാ പ്രശ്നമുണ്ടാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.