Over 400 RSS members resign in Goa after sacking of leader who criticised BJP

പനാജി: ഗോവയിലെ ആര്‍.എസ്.എസ് നേതാവിനെ പുറത്താക്കിയ നടപടിയില്‍ പ്രതിഷേധവുമായി സ്വയം സേവകര്‍ രംഗത്ത്.

400 ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് വെലിങ്കറിനെ പുറത്താക്കിയതിനെതിരെ രാജി പ്രഖ്യാപനം നടത്തിയത്.

ആര്‍.എസ്.എസ് ജില്ലാ, സബ്ജില്ല, ശാഖാ തലവന്‍മാരും രാജിപ്രഖ്യാപിച്ചവരില്‍ ഉള്‍പ്പെടും. ആര്‍.എസ്ബി.ജെ.പി നേതാക്കളുമായി ആറു മണിക്കൂര്‍ നീണ്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ചര്‍ച്ചക്കെത്തിയവരില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഉള്‍പ്പെട്ടിരുന്നു.

വെലിങ്കറിനെ തിരിച്ചെടുത്തില്ലെങ്കില്‍ രാജിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ഗോവ സന്ദര്‍ശനത്തിനിടെ വെലിങ്കറിന്റെ നേതൃത്വത്തിലുള്ള ഭാരതീയ ഭാഷാ സുരക്ഷാ മഞ്ച് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച സംഭവമാണ് പുറത്താക്കല്‍ നടപടിക്ക് പിന്നില്‍.

ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വെലിങ്കര്‍ പരസ്യമായി പ്രതികരിക്കുകയും സംസ്ഥാനത്തെ ഇഗ്ലീഷ്‌
മീഡിയം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് വിതരണം ചെയ്യുന്നതിനെതിരെ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിന്റെ നേതൃത്വത്തിലാണ് സര്‍ക്കാറിനെതിരെ പ്രചരണപരിപാടി നടത്തിയത്. ഭോപ്പാലില്‍ നടന്ന ആര്‍.എസ്.എസ് നേതൃയോഗത്തില്‍ അമിത് ഷാ ഈ വിഷയം ഉയര്‍ത്തുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു.

ഭാരതീയ ഭാഷാ സുരക്ഷാ മഞ്ചിനെ രാഷ്ട്രീയ പാര്‍ട്ടിയായി മാറ്റുമെന്നും 2017 ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Top