ന്യൂഡല്‍ഹി : പാക്കിസ്ഥാനില്‍നിന്നും അതിര്‍ത്തിവഴി അറുപതോളം ഭീകരര്‍ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്.
സൈന്യം, ബിഎസ്എഫ്, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് തുടങ്ങിയവരെ മാത്രം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഭീകരസംഘടനയായ ലഷ്‌കറെ തയിബയുടെ കമാന്‍ഡര്‍ അബു ദുജാനയാണ് ഭീകരര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നത്. സുരക്ഷാസേനയുടെ നീക്കങ്ങള്‍, അവരുടെ താമസകേന്ദ്രങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഭീകരര്‍ക്ക് കൈമാറുന്നതും ഇയാളാണ്.
കഴിഞ്ഞ ശനിയാഴ്ച പാംപോറില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിനുനേരെയും കഴിഞ്ഞ വര്‍ഷം ഉധംപൂരില്‍ ബിഎസ്എഫ് ജവാന്മാര്‍ക്കുനേരെയും ഉണ്ടായ ആക്രമണത്തിനു പിന്നില്‍പ്രവര്‍ത്തിച്ചതും ഇയാളെന്നാണ് പൊലീസ് വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം.
കശ്മീര്‍ താഴ്‌വര കേന്ദ്രീകരിച്ചാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പുതിയ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇയാളെ പിടികൂടുന്നതിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി.