താലിബാന്‍ ഭരണം കശ്മീരിനെയും കൊലക്കളമാക്കുന്നു, 700ലേറെ പേര്‍ സുരക്ഷാ സേനയുടെ പിടിയില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരവാദ ബന്ധമുള്ള 700ലധികം പേരെ കസ്റ്റഡിയില്‍ എടുത്ത് സുരക്ഷാ സേന. ഇവരില്‍ പലര്‍ക്കും നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സംഘനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്നുമാണ് കരുതുന്നത്. ആറ് ദിവസത്തിനിടെ ഏഴ് സാധാരണക്കാരാണ് കശ്മീരില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണത്തേ തുടര്‍ന്ന് കൊല്ലപ്പെട്ടത്.

കശ്മീര്‍ താഴ്വരയിലെ ആക്രമണത്തിന്റെ ശൃംഖല തകര്‍ക്കാനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഭീകരപ്രവര്‍ത്തനങ്ങളിലെ വര്‍ധനവാണ് ആക്രമണങ്ങള്‍ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ലഷ്‌കറെ തൊയ്ബയുടെ ഉപഘടകമായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടാണ് ആക്രമണങ്ങള്‍ക്കും പിന്നിലെന്ന് പൊലീസും ആരോപിക്കുന്നു.

കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ രണ്ട് അധ്യാപകരെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സതീന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സഫ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സ്‌കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരര്‍ അധ്യാപകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top