“നാം ഒന്ന് നമുക്ക് രണ്ട് മതി” ; ജനസംഖ്യവര്‍ദ്ധനവില്‍ ആശങ്കപ്പെട്ട് ഈജിപ്ത്

കെയ്‌റോ:ജനസംഖ്യയില്‍ ലോകത്തില്‍ പതിമൂന്നാംസ്ഥാനത്തുള്ള ഈജിപ്ത് ആശങ്കയില്‍. ജനപ്പെരുപ്പം രാജ്യത്ത് അടിസ്ഥാനസൗകര്യങ്ങളുടെ ദൗര്‍ലഭ്യത്തിന് കാരണമായേക്കുമെന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.

തീവ്രവാദവും ജനപ്പെരുപ്പവുമാണ് എന്റെ നാട് നേരിടുന്ന രണ്ട് വലിയ പ്രതിസന്ധികള്‍’ ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുല്‍ ഫതഹ് അല്‍ സിസി മുന്‍പ് സൂചിപ്പിച്ചിരുന്നു. 104 മില്യണ്‍ ജനസംഖ്യയുള്ള ഈജിപ്തില്‍ 94.8 മില്യണ്‍ ആളുകള്‍ അതിര്‍ത്തിക്കുള്ളില്‍ സ്ഥിരമായി താമസിക്കുന്നവരാണ്.

നാം ഒന്ന് നമുക്ക് രണ്ട് എന്നതാണ് ഈജിപ്തിലെ കുടുംബാസൂത്രണ മുദ്രാവാക്യം. എന്നാല്‍ ഇത് ജനസംഖ്യ നിയന്ത്രണത്തിന് പര്യാപ്തമല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടാമത്തെ കുട്ടിക്ക് ശേഷം ജനിക്കുന്ന കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തലാക്കുമെന്നാണ് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഗര്‍ഭനിരോധനഉറകളോ ചികിത്സകളോ ജനങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്താതാണ് ജനസംഖ്യയില്‍ വര്‍ധനവ് വരാന്‍ കാരണം. കുറഞ്ഞ നിരക്കില്‍ ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താമെങ്കിലും പലര്‍ക്കും ഇവയെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഗര്‍ഭനിരോധന ഉറകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൃത്യമായ അവബോധം കൊടുക്കാന്‍ സന്നദ്ധരായവര്‍ രാജ്യത്ത് ഉണ്ടെങ്കിലും ഒന്നും ഫല പ്രദമാകുന്നില്ല.

Top