അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊട്ടാരക്കര : കാർ ബൈക്കിൽ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം.

അമിത വേഗത്തിലെത്തിയ കാർ ഇടിച്ച്‌ തലവൂര്‍ നെടുവന്നൂര്‍ നെല്ലിപ്പള്ളിവീട്ടില്‍ പരേതനായ ഗോപാലന്റെയും ചെല്ലമ്മയുടെയും മകന്‍ സന്തോഷാണ്(30)മരിച്ചത്.

ദേശീയപാതയില്‍ നെടുവത്തൂര്‍ താമരശ്ശേരി ജംഗ്‌ഷന് സമീപമാണ് അപകടം നടന്നത്. ശനിയാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയായിരുന്നു അപകടം.

ശക്തമായി ബൈക്കിൽ ഇടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ വര്‍ക്ക്ഷോപ്പിന്റെ മതിലും ശില്പവില്‍പ്പനശാലയും വൈദ്യുത തൂണും തകര്‍ത്ത് സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു.

ബൈക്കിൽ ഇടിച്ചപ്പോൾ തന്നെ ദൂരെ തെറിച്ചുവീണ് സന്തോഷിന്റെ ഒരുകാല്‍ മുറിഞ്ഞുപോയിരുന്നു.
സന്തോഷിന്റെ കാലും മൃതദേഹവും രണ്ടിടങ്ങളിലായാണ് കണ്ടെത്തിയത്.

വൈദ്യുത തൂണ്‍ തകര്‍ന്ന് തീ പടര്‍ന്നതിനാൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാര്‍ മറിഞ്ഞെങ്കിലും കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കില്ല. കാറിലുണ്ടായിരുന്ന രണ്ടുപേരുടെ പേരില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

പത്തനാപുരത്ത് സ്വകാര്യ ലാബിലെ ജീവനക്കാരനാണ് സന്തോഷ്. ലാബിലെ ആവശ്യങ്ങള്‍ക്കായി കൊല്ലത്ത് പോയി തിരികെ വന്നപ്പോഴാണ് അപകടം സംഭവിച്ചത്.

Top