പ്രതിപക്ഷത്തിന് പദ്ധതികളില്ല, ഉള്ളത് ‘പരാക്രമം’ മാത്രം ! നേരിടാൻ സി.പി.എം

പ്രതിസന്ധികളിൽ പതറാതെ, നാടിനെ നയിക്കുവാനുള്ള ശേഷിയാണ്, ഏതൊരു ഭരണാധികാരികൾക്കും ആദ്യം വേണ്ടത്. രാജ്യത്ത് അത് ഏറ്റവും കൂടുതൽ ഉള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ചില ഒറ്റപ്പെട്ട സംഭവങ്ങൾ മുൻ നിർത്തി മുഖ്യമന്ത്രിയെ ആക്രമിക്കുന്നവർ, ഇക്കാര്യമാണ് ആദ്യം ഓർക്കേണ്ടത്. പ്രകൃതിദുരന്തങ്ങളെയും മഹാമാരിയെയും അതിജീവിക്കാൻ, പിണറായിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ, ലോകം അംഗീകരിച്ചിട്ടുള്ളതാണ്.നിപ്പക്കും, പ്രളയത്തിനും മുന്നിൽ പകച്ച് നിന്ന ഒരു ജനതക്ക്, അതിജീവനത്തിന് കരുത്ത് പകർന്നത് തന്നെ ഇടതുപക്ഷ സർക്കാറാണ്. ഒടുവിൽ കോവിഡ് വന്നപ്പോഴും ശക്തമായാണ് സംസ്ഥാന ഭരണകൂടം അതിനെതിരെ പ്രതിരോധം തീർത്തത്.

എന്നാൽ, ലോക മാധ്യമങ്ങൾ വരെ അംഗീകരിച്ച, ആ കേരള മോഡൽ തകർക്കാൻ, പ്രതിപക്ഷ പാർട്ടികളാണ്, ഇവിടെ പ്രവർത്തിച്ചിരിക്കുന്നത്. വാളയാർ മുതൽ, അവർ ഉയർത്തിയ പ്രതിഷേധങ്ങൾ, വൈറസിന് ചുവപ്പ് പരവതാനി വിരിക്കുന്നതായിരുന്നു. വൈറസിനെ ഭയക്കേണ്ടതില്ലന്ന പൊതുബോധം സൃഷ്ടിക്കാനാണ്, സമരക്കാർ ശ്രമിച്ചത്.ഇതിൻ്റെയെല്ലാം പരിണിത ഫലം കൂടിയാണ്, കോവിഡ് കേസുകളിലെ വർദ്ധനവ്.സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിറങ്ങിയ നിരവധി പേർക്കാണ്, വൈറസ് ബാധയേറ്റിരുന്നത്.കോവിഡിനെ കൂടി അതിജീവിച്ചാൽ, പിണറായി സർക്കാറിനെ പിടിച്ചാൽ കിട്ടില്ലന്ന ബോധമാണ്, പ്രതിപക്ഷത്തെ നയിക്കുന്നത്. മനുഷത്വ വിരുദ്ധമായ നിലപാടാണിത്. മനുഷ്യനുണ്ടായാൽ മാത്രമേ, രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഉണ്ടാകൂ എന്നതാണ്, ആദ്യം പ്രതിപക്ഷം തിരിച്ചറിയേണ്ടത്.

കോടതിയും പൊതു സമൂഹവും എതിരായതോടെ നിർത്തിവച്ച സമരങ്ങൾ, ഇപ്പോൾ, ശിവശങ്കറിനെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റോടെ, പ്രതിപക്ഷം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. വൈറസ് വ്യാപനം വർദ്ധിപ്പിക്കാനാണ് ഇതെല്ലാം കാരണമാകുക. വൈറസുകൾക്ക് രാഷ്ട്രീയമില്ലന്ന കാര്യം കൂടി, പ്രക്ഷോഭകർ ഓർക്കുന്നത് നല്ലതാണ്.തെറ്റ് ചെയ്തവർ ഏത് കൊമ്പത്തെ ആളാണെങ്കിലും, ശിക്ഷിക്കപ്പെടുക തന്നെ വേണം.മുഖ്യമന്ത്രി തെറ്റ് ചെയ്യാത്തിടത്തോളം, അദ്ദേഹത്തെ, കുറ്റക്കാരനായി ഒരിക്കലും വിലയിരുത്താൻ കഴിയുകയില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ തെറ്റു ചെയ്തെങ്കിൽ, അവരാണ് അനുഭവിക്കേണ്ടത്. ഇത്തരക്കാരുടെ ഇടപെടൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണെന്ന് വ്യക്തമായാൽ മാത്രമേ, ഇവിടെ മുഖ്യമന്ത്രി കുറ്റക്കാരനാവുകയൊള്ളൂ, ഇത്തരം ഒരു നിലപാട്, കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിക്ക് വരെ ഇല്ലന്നത്തും നാം ഓർക്കണം.

അതു പോലെ തന്നെ, സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ തെറ്റ് ചെയ്തെങ്കിൽ, അവൻ തന്നെയാണ് അനുഭവിക്കേണ്ടത്.ബിനീഷിൻ്റെ കാര്യത്തിൽ, കോടിയേരി തന്നെ നിലപാട് മുൻപ് വ്യക്തമാക്കിയിട്ടുമുണ്ട്.ഇക്കാര്യത്തിൽ, പാർട്ടി പ്ലീനം നിലപാടിന് വിരുദ്ധമായത് സംഭവിച്ചിട്ടുണ്ടെങ്കിൽ, സി.പി.എമ്മും അക്കാര്യം പരിശോധിക്കുക തന്നെ വേണം. എന്തെങ്കിലും നിലപാട് കൂടുതലായി സ്വീകരിക്കേണ്ടതുണ്ടെങ്കിൽ, സി.പി.എം അത് സ്വീകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ഇവിടെ, പൊതുസമൂഹം പ്രധാനമായും വിലയിരുത്തേണ്ടത്, സർക്കാറും സി.പി.എമ്മും തെറ്റ് ചെയ്തിട്ടുണ്ടോ എന്നത് മാത്രമാണ്.തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, തീർച്ചയായും ജനങ്ങൾ തിരഞ്ഞെടുപ്പിൽ അതിന് മറുപടി നൽകുക തന്നെ ചെയ്യും. അതല്ലങ്കിൽ, തിരിച്ചടി ലഭിക്കാൻ പോകുന്നത് പ്രതിപക്ഷത്തിനാണ്. സി.പി.എമ്മിൻ്റെ കൊടും ശത്രുവായ ബി.ജെ.പി കേന്ദ്രത്തിൽ ഭരിക്കുമ്പോൾ, ചെയ്യാൻ കഴിയാത്തത്, യു.ഡി.എഫിനെ സംബന്ധിച്ച് ചിന്തിക്കാൻ പോലും സാധിക്കുകയില്ല. ചെന്നിത്തല ഇപ്പോൾ നടത്തുന്നത് പോലുള്ള ‘പൊറാട്ട് നാടകം’ തുടരാൻ മാത്രമേ അവർക്ക് സാധിക്കുകയൊള്ളൂ. ഒരിക്കലും രമേശ് ചെന്നിത്തലയ്ക്ക്, പിണറായിക്ക് ബദലാവാൻ കഴിയുകയില്ല. പ്രകൃതിദുരന്തവും മഹാമാരിയും നടക്കുമ്പോൾ, ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രിയെങ്കിൽ, എന്താണ് സംഭവിക്കുമായിരുന്നു എന്നതും നാം ചിന്തിക്കേണ്ടതാണ്.

 

 

യു.ഡി.എഫ് ഭരണകാലത്ത്, സെക്രട്ടറിയേറ്റ് യഥാർത്ഥത്തിൽ ഒരു ‘പൂരപറമ്പ്’ തന്നെയായിരുന്നു. അധികാര ദല്ലാൾമാർ മുതൽ, ജാതി – മത ശക്തികൾ വരെ നിയന്ത്രിച്ചിരുന്ന ഒരു സർക്കാറായിരുന്നു അത്. എന്നാൽ ഇന്ന്, ഇവരെല്ലാം എവിടെപ്പോയി ഒളിച്ചു എന്നതും നാം ഓർക്കണം. എൻ.എസ്.എസ് നേതാവ് സുകുമാരൻ നായർ, ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച് നിർത്തിയാണ്, രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കിയിരുന്നത്. മുസ്ലീം ലീഗ് ഭീഷണിപ്പെടുത്തിയാണ് അഞ്ചാം മന്ത്രി സ്ഥാനവും നേടിയെടുത്തിരുന്നത്.അടൂർ പ്രകാശിനെ മന്ത്രിയാക്കിയതും, റവന്യൂ വകുപ്പ് കൊടുപ്പിച്ചതും വെള്ളാപ്പള്ളി നേരിട്ട് ഇടപെട്ടാണ്. ഇവരെല്ലാം അധികാരത്തിൽ വന്നിട്ട് നടപ്പാക്കിയതാകട്ടെ, യജമാനൻമാരുടെ താൽപ്പര്യങ്ങളുമാണ്. എന്തിനേറെ, കളക്ടർമാരുടെയും എസ്.പിമാരുടെയും നിയമനത്തിൽ വരെ ഈ ഇടപെടൽ പ്രകടമായിരുന്നു.എന്നാൽ, ഇത്തരം ഒരു സംഭവവും പിണറായി സർക്കാറിൽ, രാഷ്ട്രീയ എതിരാളികൾക്ക് പോലും ചൂണ്ടിക്കാട്ടാൻ കഴിയുകയില്ല.

തെറ്റുകൾ ആർക്കും പറ്റും, അത് തിരുത്തുകയാണ് പ്രധാനം. അതാണ് ജനപ്രതിനിധികളും ചെയ്യേണ്ടത്. സോളാർ കേസുപോലെ, ഇപ്പോഴത്തെ സംഭവങ്ങളെ വിലയിരുത്താൻ കഴിയുകയില്ല. അന്നത്തെ മുഖ്യമന്ത്രിക്കെതിരെ മല്ലേലിൽ ശ്രീധരൻ നായരാണ് രഹസ്യമൊഴി നൽകിയത്. യു.ഡി.എഫ് സർക്കാർ നിയമിച്ച സോളാർ കമ്മിഷനാണ് ഗുരുതര കുറ്റം മുഖ്യമന്ത്രിക്കും യു.ഡി.എഫ് ജനപ്രതിനിധികൾക്കുമെതിരെ കണ്ടെത്തിയത്. ഈ കേസിൽ, പ്രതികാര ഭാവത്തോടെ പിണറായി സർക്കാർ വേട്ടയാടിയിരുന്നു എങ്കിൽ, ഇവരെല്ലാം ഇന്ന് അഴി എണ്ണുമായിരുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.

രാഷ്ട്രീയ പ്രേരിതമായ ഒരു നിലപാടും ഇവിടെ സ്വീകരിക്കപ്പെട്ടിട്ടില്ല. ഈ ഔദാര്യം യു.ഡി.എഫ് നൽകുകയും വേണ്ട. എന്നാൽ, വസ്തുതകളെ വസ്തുതകളായി തന്നെ കാണാൻ നിങ്ങളും ശ്രമിക്കണം.രാഹുൽ ഗാന്ധിക്കില്ലാത്ത സ്നേഹം, ചെന്നിത്തലയ്ക്ക് കേന്ദ്ര ഏജൻസികളോട് ഉള്ളത് തന്നെ അവസരവാദപരമാണ്. കാവിയുടെ വോട്ട് മാത്രമല്ല, കാവിപ്പട നിയന്ത്രിക്കുന്ന ഏജൻസികളുടെ സഹായവും ചെന്നിത്തല ഏറെ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി കസേരയാണ് അദ്ദേഹത്തിൻ്റെ ഏക ലക്ഷ്യം. അതിനു വേണ്ടി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളാണ്, ഇപ്പോൾ അരങ്ങേറി കൊണ്ടിരിക്കുന്നത്.

പെൺപുലി എന്ന് അവകാശപ്പെടുന്ന, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പോലും, പ്രതിസന്ധികളിൽ പകച്ച് നിൽക്കുന്ന കാഴ്ചയാണ് ഇന്ന് രാജ്യത്തുള്ളത്. എന്നാൽ, പിണറായി വിജയൻ അങ്ങനെയല്ല, പ്രതിസന്ധികളാണ് അദ്ദേഹത്തെ കൂടുതൽ കരുത്തനാക്കുന്നത്.കഴിഞ്ഞകാല യു.ഡി.എഫ് സർക്കാറുകളെയും, പിണറായി സർക്കാറിനെയും താരതമ്യപ്പെടുത്തുമ്പോൾ, ഈ വേർതിരിവ് നമുക്ക് വ്യക്തമാകുന്നതു മാണ്.രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടത്, ഈ വിവാദങ്ങൾക്കിടയിലാണ്. ബെംഗളൂരു ആസ്ഥാനമായ, പബ്ലിക് അഫയേഴ്സ് സെന്റർ തയ്യാറാക്കിയ, പബ്ലിക് അഫയേഴ്സ് ഇൻഡെക്സ് 2020 റിപ്പോർട്ടിലാണ് കേരളം മുന്നിലെത്തിയിരിക്കുന്നത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ്, കേരളത്തിന്റെ സുപ്രധാനമായ ഈ നേട്ടം. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത് എന്നതും, നാം ഓർക്കണം.ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശാണ് പട്ടികയിൽ അവസാന സ്ഥാനത്തുള്ളത്.
കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് എന്ത് സംഭവിച്ചു എന്നത്, ചെന്നിത്തലയും ഒന്ന് തിരക്കുന്നത് നല്ലതായിരിക്കും.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നാലെ, ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്. ഉത്തർപ്രദേശ്, ഒഡീഷ, ബിഹാർ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്.സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ചാണ്, മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയാണ് ഒന്നാം സ്ഥാനത്തുള്ളത്. മേഘാലയയും, ഹിമാചൽ പ്രദേശുമാണ് ഈ വിഭാഗത്തിൽ, രണ്ടും മൂന്നും സ്ഥാനത്തുള്ളത്. മണിപ്പുർ, ഡൽഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഇവിടെ, ഏറ്റവും പിന്നിലായിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ, ചണ്ഡീഗഡാണ് ഒന്നാമതെത്തിയിരിക്കുന്നത്.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. സുസ്തിര വികസനത്തിന്റെ അടിസ്ഥാനത്തിലാണ്, പബ്ലിക് അഫയേഴ്സ് സെന്റർ, ഭരണപ്രകടനം വിശകലനം ചെയ്തിരിക്കുന്നത്. ഇതു തന്നെയാണ്, പിണറായി സർക്കാറിനുള്ള ഏറ്റവും വലിയ അംഗീകാരവുംഈ വികസന പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്ന്, ഓരോ മലയാളിയും അറിഞ്ഞിരിക്കണം.
ആരോഗ്യ – വിദ്യാഭ്യാസ രംഗങ്ങളിലുണ്ടാക്കിയ ഉണര്‍വ് അത്ഭുതകരമാണ്. മാത്രമല്ല,
വീടില്ലാത്തവർക്ക് വീട്, സർക്കാർ വിദ്യാലയങ്ങളിലെ ആധുനികവൽക്കരണം, സൗജന്യ റേഷൻ,
ക്ഷേമപെന്‍ഷനുകള്‍ കുടിശികയില്ലാതെ വിതരണം ചെയ്തത്.പെൻഷൻ തുക ഉയർത്തിയത്, പദ്ധതി വിനിയോഗത്തിലെ റെക്കോര്‍ഡ്.

അഴിമതിക്കെതിരായ കര്‍ശന നിലപാടുകള്‍. വലിയ എതിർപ്പുകളില്ലാതെ പുതിയ മദ്യനയം, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നേട്ടമുണ്ടാക്കിയ പദ്ധതികൾ, സമ്പൂര്‍ണ വൈദ്യുതീകരണം എന്നിവ സർക്കാറിൻ്റെ നേട്ടങ്ങളാണ്.എന്തൊക്കെ വിവാദമുണ്ടാക്കിയാലും, പാവപ്പെട്ടവർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതി നിരവധി പേർക്കാണ് തല ചായ്ക്കാൻ ഇടമായിരിക്കുന്നത്.മത്സ്യതൊഴിലാളി ഭവനപദ്ധതിയും ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.390 കിലോമീറ്റർ നീളത്തിലാണ് പുഴകളെ തിരിച്ചുപിടിച്ചിരിക്കുന്നത്. പ്രളയം നൽകിയ പാഠം ഉൾകൊണ്ടായിരുന്നു ഈ നടപടി.

പശ്ചാത്തല സൗകര്യ വികസനത്തിന് വേണ്ടി, ബജറ്റിന് പുറത്ത് നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്. കിഫ്ബി അതിന് ഏറെ സഹായകരമായിട്ടുണ്ട്.21,50 കോടി രൂപ, മസാല ബോണ്ടുകൾ വഴി മാത്രം സമാഹരിച്ചിട്ടുണ്ട്. സാധാരണ വികസനത്തിന്റെ അഞ്ചിരട്ടിയാണ് കിഫ്ബി വഴി പിണറായി സർക്കാർ ഉണ്ടാക്കിയിരിക്കുന്നത്. കൊവിഡ് കാലത്ത് ആരും പട്ടിണികിടക്കരുതെന്ന് ലക്ഷ്യമിട്ട് തുടങ്ങിയ കമ്മ്യൂണിറ്റി കിച്ചണുകളും, ഏറെ ആശ്വാസമായിരുന്നു.23,409 കോടി രൂപയാണ് ക്ഷേമ പെൻഷനായി നൽകിയിരിക്കുന്നത്. കൊവിഡ് കാലത്ത്, ഒരു പെൻഷനും ലഭിക്കാത്ത ആളുകൾക്ക്, 1000 രൂപ വീതം നൽകിയതും, എല്ലാ റേഷൻകാര്‍ഡ് ഉടമകൾക്കും പലവ്യഞ്ജന കിറ്റുകൾ നൽകിയതും എടുത്ത് പറയേണ്ട നേട്ടം തന്നെയാണ്.

 

സ്ത്രീകൾക്കും കുട്ടികൾക്കും ക്ഷേമം ഉറപ്പാക്കാനും,സർക്കാർ പ്രത്യേക പദ്ധതികളുണ്ടാക്കിയിട്ടുണ്ട്. പൊലീസ് സേനയിലെ വനിതാ സാന്നിദ്ധ്യം കൂട്ടാൻ, നിരവധി പദ്ധതികളാണ് സൃഷ്ടിച്ചത്. ഫയര്‍ ഫോഴ്സിൽ 100 ‘ഫയര്‍ വുമണെ’ നിയമിക്കുന്നതും ചരിത്രത്തിൽ ആദ്യമാണ്. പൊതു വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ, ശക്തമായ നടപടികളാണ് ഉണ്ടായിരിക്കുന്നത്. നാല് വര്‍ഷത്തിനിടെ, അഞ്ച് ലക്ഷത്തോളം കുട്ടികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് കടന്ന് വന്നിരിക്കുന്നത്. കുടുംബശ്രീകളുടെ പ്രവര്‍ത്തനങ്ങളും ഏറെ മികവുറ്റതാണ്.അതിഥി തൊഴിലാളികൾക്ക്, ‘അപ്നാഘര്‍’  എന്ന പേരിൽ സ്വന്തമായി പാര്‍പ്പിട സൗകര്യം ഒരുക്കിയതും, ശ്രദ്ധേയമായ നേട്ടമാണ്. കോവിഡ് കാലത്ത്, അതിഥി തൊഴിലാളികൾക്ക് കേരളം ഒരുക്കിയ സൗകര്യങ്ങൾ, മറ്റൊരു സംസ്ഥാന സർക്കാറുകളും, നൽകിയിട്ടില്ലന്നതും നാം തിരിച്ചറിയണം.

തൊഴിൽ മേഖലയിൽ മിനിമം വേതന പുതുക്കിയതും, കേരള ബാങ്ക് രൂപീകരണവും, നേട്ടങ്ങളുടെ പട്ടികയിൽപ്പെട്ടതാണ്. ഇക്കാലയളവിൽ സ്റ്റാർട്ട് അപ്പ് നിക്ഷേപം, രണ്ടര കോടിയിൽ നിന്നും 875 കോടിയായാണ് ഉയർന്നിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭമാകട്ടെ 56 കോടിയാണ്. നാല് കേന്ദ്രങ്ങളിലാണ് ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയിരിക്കുന്നത്. വ്യവസായങ്ങൾ ആകർഷിക്കുന്നത് മുന്നിൽ കണ്ട്, പ്രത്യേക സമിതികൾക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

ഗെയ്ൽ പൈപ് ലൈൻ കൊച്ചി മംഗലാപുരം ലൈൻ പൂർത്തിയായി കഴിഞ്ഞു. കേരളാ പൊലീസിന്‍റെ പ്രവര്‍ത്തനവും ഇപ്പോൾ, ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.കേസുകളുടെ എണ്ണം 30 ശതമാനം വരെയാണ് സംസ്ഥാനത്ത് കുറഞ്ഞിരിക്കുന്നത്.തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് മുന്നിൽ വച്ച വാഗ്ദാനങ്ങൾ, ഭരണത്തിൻ്റെ ഓരോ ഘട്ടത്തിലും അവരെ ഓർമ്മിപ്പിച്ചു തന്നെയാണ്, സർക്കാർ മുന്നോട്ട് പോയിരിക്കുന്നത്. പ്രകടനപത്രിക എന്ന വാക്ക് തന്നെ, തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കേൾക്കുന്ന നാട്ടിലാണ് ഇതെന്നതും, നാം തിരിച്ചറിയേണ്ടതുണ്ട്. വാഗ്ദാനങ്ങളുടെ നിർവ്വഹണ പുരോഗതി വിലയിരുത്തുന്ന പ്രോഗസ് റിപ്പോർട്ട്, വർഷാവർഷം അച്ചടിച്ചാണ് വിതരണം ചെയ്യുന്നത്.തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ ഓരോന്നിൻ്റെയും നിലവിലെ അവസ്ഥയാണ് പ്രോഗ്രസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.ഇതിൽ ഇനി അവശേഷിക്കുന്ന 30 പദ്ധതികൾ കൂടി പൂർത്തീകരിച്ചാണ്, 2021ലെ തിരഞ്ഞെടുപ്പിനെ ഇടതുപക്ഷം നേരിടാൻ പോകുന്നത്.

അവസാന വർഷത്തെ പ്രോഗസ് റിപ്പോർട്ടിനൊപ്പം വയ്ക്കാൻ പ്രഖ്യാപിച്ച,’100 ദിനം 100 പദ്ധതികളടെ’ പ്രവർത്തനവും ദ്രുതഗതിയിലാണ് നടന്നു വരുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തിലും, വികസനത്തിന് അവധിയില്ലന്നതിൻ്റെ ശക്തമായ സന്ദേശമാണ് പിണറായി സർക്കാർ നൽകിയിരിക്കുന്നത്.ഈ നേട്ടങ്ങൾ വോട്ടാകുമെന്ന് ഭയന്നാണിപ്പോൾ പ്രതിപക്ഷം കലി തുള്ളുന്നത്. ഇക്കാര്യത്തിൽ, ഒറ്റ മനസ്സാണ് യു.ഡി.എഫിനും ബി.ജെ.പിക്കും ഉള്ളത്. അത് പിണറായി സർക്കാറിൻ്റെ ഭരണ തുടർച്ച ഒഴിവാക്കുക എന്നത് മാത്രമാണ്. അതിനുള്ള അവരുടെ ആയുധങ്ങളാണ് ശിവശങ്കരനും ബിനീഷ് കോടിയേരിയും എല്ലാം, ഇനിയും ഈ പട്ടികയിൽ അവർ ആളുകളെ നിരത്താനും സാധ്യത ഏറെയാണ്.

ഭയം സർക്കാറിനല്ല, സർക്കാറിൽ പ്രതിപക്ഷത്തിനാണുള്ളത്.ശിവശങ്കറും ബിനീഷ് കോടിയേരിയും വീണാൽ, സർക്കാർ വീഴുമെന്നാണ് അവർ കണക്ക് കൂട്ടുന്നത്.തെറ്റായ കണക്ക് കൂട്ടലാണത്. ഭരിക്കുന്നത് പിണറായിയാണ്. വ്യക്തമായ പ്രകടന പത്രിക മുന്നോട്ട് വച്ചാണ് അധികാരത്തിൽ വന്നിരിക്കുന്നത്. പറഞ്ഞതും അതിനപ്പുറവും നടപ്പാക്കി തന്നെയാണ്, തിരഞ്ഞെടുപ്പിനെയും നേരിടാൻ പോകുന്നത്.ഇതിന് പകരം വയ്ക്കാനുള്ള പദ്ധതികൾക്ക് പകരം, ശിവശങ്കറിനെയും ബിനീഷിനെയുമാണ്, പ്രതിപക്ഷമിപ്പോൾ മുന്നോട്ട് വയ്ക്കുന്നത്. ഇത് അവരുടെ ഗതികേടിനെ കൂടിയാണ് തുറന്നു കാട്ടുന്നത്. പ്രബുദ്ധരായ കേരള ജനത ഇതും തിരിച്ചറിയണം.

Top