റിയാദ്: സൗദിയില്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്‍മാര്‍ക്ക് മൂന്നുവര്‍ഷം യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയും യാത്രാവിലക്കും ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ലെബനാന്‍, പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്രാവിലക്കുള്ളത്.
നേരത്തെ ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകള്‍ വകവെക്കാതെ ചില സൗദി പൗരന്മാര്‍ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ നിയമനടപടികള്‍ ഏറ്റുവാങ്ങേണ്ടിവരും. രാജ്യത്തേക്ക് തിരിച്ചെത്തിയ ശേഷം പിന്നീട് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇവര്‍ക്ക് സൗദി അറേബ്യക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ വിലക്കേര്‍പ്പെടുത്തും. ഇത്തരം രാജ്യങ്ങളിലേക്ക് നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യം വഴിയോ യാത്ര ചെയ്യുന്നവര്‍ ഒരുപോലെ നടപടിക്ക് വിധേയരാവുമെന്നും അറിയിച്ചിട്ടുണ്ട്.