ഉവൈസിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം; അഞ്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഡല്‍ഹി: എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയുടെ ഡല്‍ഹിയിലെ വീടിന് നേരെ ആക്രമണം നടത്തിയ അഞ്ചുപേര്‍ അറസ്റ്റില്‍. ഹിന്ദു സേനയുടെ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരാണ് ഒവൈസിയുടെ വീട് ആക്രമിച്ചതെന്ന് ന്യൂ ഡല്‍ഹി ഡിസിപി ദീപക് യാദവ് അറിയിച്ചു.

സംഭവസ്ഥലത്തു നിന്ന് തന്നെ അഞ്ച് പേരെ കസ്റ്റഡിയില്‍ എടുത്തെന്ന് ഡിസിപി ദീപക് യാദവ് പറഞ്ഞു. ഉവൈസിയുടെ നിലപാടുകളില്‍ പ്രകോപിതരായാണ് അക്രമം നടത്തിയതെന്ന് പ്രതികള്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ പറഞ്ഞെന്ന് ഡിസിപി വിശദീകരിച്ചു. ഹിന്ദുസേന പ്രവര്‍ത്തകരാണെന്ന് അവര്‍ പറഞ്ഞു. ഉവൈസി ഹിന്ദുക്കള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നാണ് അവര്‍ പറയുന്നത്. അഞ്ച് പേരും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മണ്ടോളി നിവാസികളാണെന്നും ഡിസിപി വ്യക്തമാക്കി.

കഴിഞ്ഞദിവസം, ഉവൈസിയുടെ ഡല്‍ഹി അശോക റോഡിലുള്ള വസതിയാണ് ആക്രമിക്കപ്പെട്ടത്. എംപി ജിഹാദിയാണെന്ന് ആക്രോശിച്ചുകൊണ്ടെത്തിയ സംഘം വീടിന്റെ വാതിലും ജനലും തകര്‍ക്കുകയായിരുന്നു.

അതേസമയം, തന്റെ വസതി ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ലെന്നായിരുന്നു ഉവൈസി പ്രതികരിച്ചത്. ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മതഭ്രാന്തും വിദ്വേഷ അന്തരീക്ഷവുമാണ് ഇതിന് കാരണം. നിങ്ങള്‍ക്ക് പ്രതിഷേധിക്കാം. പക്ഷേ എന്തിനാണ് ആക്രമിക്കുന്നത്, ജന്തര്‍ മന്തര്‍ 200 മീറ്റര്‍ മാത്രം അകലെയാണ്. അവിടെ പ്രതിഷേധിക്കാം. ആരും നിങ്ങളെ തടയില്ല. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടത് സര്‍ക്കാരാണ്. എനിക്ക് ഇതെല്ലാം ശീലമാണ്. ഞാന്‍ ഇത് വളരെക്കാലമായി കാണുന്നു. അതീവ സുരക്ഷിതമായ മേഖലയില്‍ ആളുകള്‍ ഇത് ചെയ്യാന്‍ ധൈര്യപ്പെട്ടു എന്നത് ഞെട്ടിക്കുന്നതാണ്. 2015 മുതല്‍ അവര്‍ അത് ചെയ്യുന്നുണ്ട്. ഈ ആക്രമണങ്ങള്‍ കൊണ്ട് എന്നെ തടയാനാവില്ലെന്നും ഉവൈസി വ്യക്തമാക്കി.

മാത്രമല്ല, ഒരു പാര്‍ലമെന്റേറിയന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. എന്ത് സന്ദേശമാണ് ഇത് നല്‍കുന്നതെന്ന് ഉവൈസി ചോദിക്കുന്നു. ഒരു എംപിയുടെ ഔദ്യോഗിക വസതി സുരക്ഷിതമല്ലെങ്കില്‍ അമിത് ഷാ എന്ത് സന്ദേശമാണ് നല്‍കുന്നത്, അക്രമികളുടെ ഭീരുത്വം വീണ്ടും വെളിപ്പെട്ടു. പതിവുപോലെ അവര്‍ ഒറ്റയ്ക്കല്ല, കൂട്ടമായി വന്നു. താന്‍ വീട്ടിലില്ലാത്ത സമയത്തുവന്നു. തന്റെ ജോലിക്കാരന്‍ രാജുവിന ആക്രമിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

Top