നിങ്ങളുടെ രാജ്യത്തെ ആഭ്യന്തര കാര്യത്തില്‍ ആശങ്കപ്പെടൂ മിസ്റ്റര്‍ ഇമ്രാന്‍; ഒവൈസി

ഹൈദരാബാദ്: കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ച വ്യാജ വീഡിയോക്കെതിരെ ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ പൊലീസ് നരനായാട്ട് നടത്തുന്നു എന്ന തരത്തിലായിരുന്നു വീഡിയോ. മുസ്ലീങ്ങളെ പൊലീസ് ആക്രമിക്കുന്നത് വീഡിയോയില്‍ വ്യക്തവുമാണ്.

എന്നാല്‍ ഇന്ത്യന്‍ മുസ്ലീങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പാകിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് വ്യാകുലനാകൂ എന്നാണ് ഒവൈസിയുടെ മാസ്സ് മറുപടി.

‘മിസ്റ്റര്‍ ഖാന്‍, താങ്കള്‍ സ്വന്തം രാജ്യത്തെ ഓര്‍ത്ത് ആശങ്കപ്പെടൂ. ഞങ്ങള്‍ ജിന്നയുടെ തെറ്റായ സിദ്ധാന്തം തള്ളി കളഞ്ഞതാണ്. ഇന്ത്യന്‍ മുസ്ലീം എന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുകയും അങ്ങനെ തുടരുകയും ചെയ്യും’ ഒവൈസി വ്യക്തമാക്കി.

ബംഗ്ലാദേശില്‍ നിന്നുള്ള വീഡിയോ ആണ് ഇമ്രാന്‍ വ്യാജമായി പ്രചരിപ്പിച്ചിരുന്നത്. ധാക്കയില്‍ ഏഴുവര്‍ഷം മുന്‍പ് നടന്നതാണ് സംഭവം. പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന അതിക്രമമെന്ന പേരില്‍ നിരവധിപ്പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. ബംഗ്ലാദേശില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ റാപിഡ് ആക്ഷന്‍ ബറ്റാലിയന്റേതാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍. ആളുകളെ മര്‍ദ്ദിക്കുന്ന പൊലീസിന്റെ യൂണിഫോമില്‍ ആര്‍എബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയും.

അതേസമയം തെറ്റ് മനസിലായതോടെ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ചോരയില്‍ കുളിച്ച് കിടക്കുന്ന ആളുകളെ പൊലീസ് വീണ്ടും വീണ്ടും മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടക്കുന്നുവെന്ന പേരില്‍ പ്രചരിച്ചത്.

Top