ഇന്ത്യയെ മുസ്‌ലിം മുക്തമാക്കാനാണ് ബിജെപി ശ്രമം; ശക്തി കാണിക്കണമെന്ന് ഉവൈസി

owaisi

ഔറംഗബാദ്: ഇന്ത്യയെ മുസ്‌ലിം മുക്തമാക്കാനാണ് ബി.ജെ.പി ശ്രമമെന്നും രാജ്യം ദളിത് മുക്തമാക്കാനാണ് ആര്‍.എസ്.എസ് അജണ്ടയെന്നും എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാറിനെയും വിമര്‍ശിച്ച അദ്ദേഹം ശരീഅത്ത് സംരക്ഷിക്കാന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യം വേണമെന്നും ആവശ്യപ്പെട്ടു.

മുത്തലാഖില്‍ ക്രിമിനല്‍ കുറ്റം ചുമത്താനുള്ള നീക്കത്തിനെതിരെ ഔറംഗബാദില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബരി മസ്ജിദ് തകര്‍പ്പെട്ടപ്പോള്‍ ഉണ്ടായ ദു:ഖമാണ് ഈ നിയമം ലോക്‌സഭയിലെത്തിയപ്പോള്‍ തനിക്കുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ സംസ്‌കാരത്തെ സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന രജപുത്രരില്‍ നിന്ന് മുസ്ലീം സമുദായം പഠിക്കണമെന്നും ഉവൈസി ആഹ്വാനം ചെയ്തു.

അവരുടെ റാണിയെ മോശമായി ചിത്രീകരിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചു. തീയേറ്റര്‍ കത്തിക്കുമെന്നും മൂക്ക് മുറിക്കുമെന്നൊക്കെ അവര്‍ ഭീഷണിയുയര്‍ത്തി. നാല് ശതമാനം വരുന്ന രജപുത്രരാണ് പ്രതിഷേധമുയര്‍ത്തിയത്. നമ്മള്‍ 14 ശതമാനമുണ്ട്. അവര്‍ അവരുടെ വഴിയിലൂടെ പോയി, നമ്മള്‍ ഇപ്പോഴും നിസ്സഹായരായി നില്‍ക്കുന്നുവെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

സിനിമയുടെ ഉള്ളടക്കം പഠിക്കാന്‍ ഒരു 12 അംഗ സമിതി മോദി നിയമിച്ചു. എന്നാല്‍, മുത്തലാഖ് ബില്ലില്‍ പുനര്‍വിചിന്തനം ഒന്നും ഉണ്ടായില്ല. രജ്പുത്രര്‍ അവരുടെ ശക്തി കാണിച്ചു. ശരീഅത്ത് സംരക്ഷിക്കാന്‍ നമ്മള്‍ എന്താണ് ചെയ്തതെന്നും ഉവൈസി ആരാഞ്ഞു.

Top