യു.പിയിലെ ബി.ജെ.പി മുന്നേറ്റത്തിൽ ഉവൈസിക്കും വലിയ പങ്കെന്നത് വ്യക്തം !

ലക്‌നൗ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പി യില്‍ ബി.ജെ.പിക്ക് വിജയം എളുപ്പമാക്കിയതില്‍ ഒരു പങ്ക് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്ക് അവകാശപ്പെട്ടതാണ്.ഉവൈസി ഒന്നു പ്രസംഗിച്ചു പോയാല്‍ ആ സംസ്ഥാനത്ത് ബി.ജെ.പി സഖ്യത്തിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടല്‍ ഇത്തവണയും തെറ്റിയിട്ടില്ല.യു.പിയില്‍ അതും ഒരു ഘടകമായിട്ടുണ്ട്.

മുന്‍പ് ബീഹാറില്‍ പ്രതിപക്ഷ മഹാ സഖ്യത്തിന് ഭരണം നഷ്ടപ്പെടുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഉവൈസിയുടെ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി പിടിച്ച വോട്ടുകള്‍ മാത്രമല്ല, പ്രകോപനപരമായ പ്രസംഗവും ബീഹാറില്‍ ബി.ജെ.പി സഖ്യത്തിന് ഗുണം ചെയ്യുകയാണ് ഉണ്ടായത്.

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് ബീഹാറിലും ബി.ജെ.പി പയറ്റിയിരുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതാണ് ആര്‍.ജെ.ഡി സഖ്യത്തിന് ഇവിടെ തിരിച്ചടിയായിരുന്നത്. യു.പിയിലും അത് സംഭവിച്ചു കഴിഞ്ഞു.

ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തുന്ന ഉവൈസിയുടെ വാക്കുകളും, അദ്ദേഹത്തിന്റെ അനുയായികളുടെ പ്രവര്‍ത്തിയും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് രാജ്യത്ത് ഉണ്ടാക്കുന്നതെന്ന വിലയിരുത്തല്‍ യു.പി തിരഞ്ഞെടുപ്പ് ഫലത്തോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും അണിയറയില്‍ നിന്ന് സുഗമമാക്കുന്നയാളാണ് ഉവൈസി എന്നാണ് ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയായ ശിവസേന ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഉവൈസി നടത്തിയ പ്രകോപനപരമായ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് മുന്‍പ്, ശിവസേന മുഖപത്രം തന്നെ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചിരുന്നത്. യു.പി തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ വമ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍, ഇപ്പോള്‍ മറ്റു മതേതര പാര്‍ട്ടികളും ഇതേ നിലപാടുമായി തന്നെയാണ് രംഗത്തു വന്നിട്ടുള്ളത്.

80 ലോകസഭ സീറ്റുകളുള്ള യു.പിയാണ് കേന്ദ്രം ആര് ഭരിക്കുക എന്നു വീണ്ടും തീരുമാനിക്കാന്‍ പോകുന്നത്. അതു കൊണ്ടു തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യുപിയിലെ പ്രചരണം നയിച്ചിരുന്നത്.വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചതും തിരിച്ചടി ഒഴിവാക്കാനായിരുന്നു.അതും ഗുണം ചെയ്തു കഴിഞ്ഞിട്ടുണ്ട്.യോഗിയുടെ ഭരണ നേട്ടം, പ്രധാനമായും ഗുണ്ടകളെ അമര്‍ച്ച ചെയ്ത കാര്യവും ഒപ്പം തീവ്രഹിന്ദുത്വവാദവും ഉയര്‍ത്തിയാണ് ബി.ജെ.പി വോട്ടു തേടിയിരുന്നത്.

മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനും, ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കാനും ബോധപൂര്‍വ്വമായ ശ്രമവും യു.പിയില്‍ നടന്നിട്ടുണ്ട്. ഉവൈസിക്കു നേരെ നടന്ന വെടിവയ്പ്പു പോലും, യഥാര്‍ത്ഥത്തില്‍ ഗുണം ചെയ്തിരിക്കുന്നത് ബി.ജെ.പിക്കാണ്. ഉവൈസി യു .പിയില്‍ എത്തിയത് തന്നെ ബി.ജെ.പിയുടെ വിജയം ഉറപ്പു വരുത്താനാണെന്നാണ് പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികളും സംശയിക്കുന്നത്. ഇതിനു പിന്നില്‍ ഉവൈസി ബി.ജെ.പി ‘രഹസ്യ അജണ്ട’ ഉണ്ടെന്നാണ് ആരോപണം.

ഉവൈസി പ്രകോപനപരമായ പ്രസംഗമാണ് നടത്തുന്നതെന്നും, അദ്ദേഹത്തിന്റെ അനുയായികള്‍ പാകിസ്ഥാനെ ഉയര്‍ത്തിക്കാണിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്ന ആരോപണവും തിരഞ്ഞെടുപ്പ് സമയത്ത് ഏറെ സജീവമായിരുന്നു.

‘എന്തുകൊണ്ടാണ് ഉവൈസി ഉത്തര്‍പ്രദേശിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് വിളിക്കുന്നതെന്നും, ഇതിനു മുന്‍പ് അവിടെ അത്തരമൊരു മുദ്രാവാക്യം വിളി ഉണ്ടായിട്ടില്ലെന്നും ശിവസേന മുഖപത്രം സാമ്ന ചൂണ്ടിക്കാണിക്കുമ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് പൂര്‍ണ്ണമായും അവഗണിക്കാന്‍ കഴിയുന്നതല്ല. ഉവൈസി ദേശീയ നേതാവല്ലന്നും മറിച്ച് ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ ‘അടിവസ്ത്ര’മായി തന്നെ തുടരുമെന്ന ശിവസേനയുടെ ആരോപണം പുതിയ സാഹചര്യത്തില്‍ വീണ്ടും വ്യാപക ചര്‍ച്ചക്ക് തിരികൊളുത്തിയിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ഉവൈസിയുടെ സാന്നിധ്യം, പ്രതിപക്ഷ പ്രതീക്ഷകള്‍ക്കു ആകെയാണ് ഭീഷണിയായിരിക്കുന്നത്. ബീഹാറിലും യു.പിയിലും സംഭവിച്ചത് മറ്റു സംസ്ഥാനങ്ങളിലേക്കും പടരുമോ എന്ന ആശങ്കയും ശക്തമാണ്. മുസ്ലീം വോട്ട് ബാങ്കില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിനേക്കാള്‍, ഹൈന്ദവ വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ ഉവൈസിയുടെ നാവിനു കഴിയുമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്തുന്നത്.

ഭൂരിപക്ഷ വോട്ട് ബാങ്കിലെ ഏകീകരണത്തോടൊപ്പം തന്നെ, പ്രതിപക്ഷ വോട്ട് ബാങ്കിലെ വിള്ളലും ബി.ജെ.പിയുടെ പ്രധാന ലക്ഷ്യമാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സ് വോട്ട് ബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാക്കുമെന്ന ബി.ജെ.പി കണക്കു കൂട്ടലും സംഭവിച്ചു കഴിഞ്ഞു. പഞ്ചാബും ഗോവയും അതിന് ഒന്നാന്തരം ഉദാഹരണമാണ്. ഉത്തരാഖണ്ഡില്‍ പോലും ആം ആദ്മി പര്‍ട്ടിയുടെ സാന്നിധ്യം കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.യു.പിയില്‍ പ്രതിപക്ഷ മഹാസഖ്യം സാധ്യമാകാതിരിക്കുന്നതും ബി.ജെ.പിക്കാണ് ഗുണം ചെയ്തിരിക്കുന്നത്. രണ്ടാം ഊഴത്തിലേക്ക് യോഗി പോകുമ്പോള്‍, മൂന്നാം ഊഴമാണ് മോദി കേന്ദ്രത്തില്‍ ഉറപ്പിക്കുന്നത്.                                                                                                                                                                                                                        

സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി ചെറുക്കാന്‍, പ്രതിപക്ഷം ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍, ഇതിലും വലിയ തിരിച്ചടിയാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുക.വിശാലസഖ്യത്തിനു നിന്നാല്‍ സീറ്റുകള്‍ വിട്ടു നല്‍കേണ്ടി വരും എന്നതു കൂടി പരിഗണിച്ചാണ് എസ്.പി നേതാവ് അഖിലേഷ് യാഥവ് യു പിയില്‍ സഖ്യത്തിന് ശ്രമിക്കാതിരുന്നത്. ബി.എസ്.പിയെ ‘ഒതുക്കി’ നിര്‍ത്താനാകട്ടെ, കേന്ദ്ര ഭരണം കൈവശമുള്ളതിനാല്‍ ബി.ജെ.പിക്കും എളുപ്പത്തില്‍ കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യം ലോകസഭ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍, യു.പിയില്‍ വീണ്ടും ബി.ജെ.പി തന്നെയാണ് നേട്ടമുണ്ടാക്കുക. അവരെ സംബന്ധിച്ച് അപ്പോഴും ഉവൈസി ഒരു ”ബോണസ് ‘ തന്നെ ആയിരിക്കും. അതിനു തന്നെയാണ് സാധ്യത.

EXPRESS KERALA VIEW

Top