നോയിഡ: വളർത്തുമൃഗങ്ങൾ മറ്റുള്ളവരെ ആക്രമിച്ചാൽ ഉടമയ്ക്ക് പിഴ ചുമത്തുമെന്ന് അതോറിറ്റി. ഉത്തർപ്രദേശിലെ നോയിഡയിൽ ആണ് ഇത്തരം ഒരു തീരുമാനം. വളർത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെയാണ് നോയിഡ അതോറിറ്റിയുടെ തീരുമാനം. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാൽ വളർത്തുമൃഗങ്ങളുടെ ഉടമകളിൽ നിന്ന് 10,000 രൂപ ഈടാക്കാനാണ് നിർദ്ദേശം. തെരുവ് നായ്ക്കളെയും വളർത്തു നായ്ക്കളെയും വളർത്തു പൂച്ചകകളെയും സംബന്ധിച്ച് നോയിഡ അതോറിറ്റിയുടെ നയ രൂപീകരണ തീരുമാനങ്ങൾ എടുത്ത 207-ാമത് ബോർഡ് യോഗത്തിന് ശേഷമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
നോയിഡ മേഖലയ്ക്കായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാണ് നയം തീരുമാനിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. ബോർഡ് മീറ്റിംഗിൽ എടുത്ത തീരുമാനങ്ങൾ നോയിഡ അതോറിറ്റിയുടെ സിഇഒ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 2023 മാർച്ച് 1-ന് മുമ്പ് വളർത്തുനായ്ക്കളുടെയും പൂച്ചകളുടെയും രജിസ്ട്രേഷൻ നിർബന്ധമായും ചെയ്തിരിക്കണമെന്നാണ് നിര്‍ദ്ദേശം. അവസാന തീയതിക്ക് മുമ്പ് രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടാലും വളര്‍ത്തു മൃഗത്തിന്‍റെ ഉടമയ്ക്കെതിരെ പിഴ ചുമത്താനാണ് തീരുമാനം.
വളർത്തുനായ്ക്കൾക്ക് വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പും നിർബന്ധമാക്കിയിട്ടുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തണമെന്ന് വിവിധ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ചാൽ പ്രതിമാസം 2000 രൂപയാണ് പിഴ. വളർത്തുമൃഗങ്ങൾ പൊതുസ്ഥലത്ത് വിസർജനം നടത്തിയാൽ അത് വൃത്തിയാക്കേണ്ട ചുമതലയും മൃഗ ഉടമയ്ക്കായിരിക്കും.
വളർത്തുനായയോ പൂച്ചയോ കാരണം എന്തെങ്കിലും അപകടമുണ്ടായാലും ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തും. വളര്‍ത്ത് മൃഗത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ വ്യക്തിയുടെയോ അതോ മൃഗങ്ങളുടേയോ ചികിത്സാ ചെലവും വളർത്തു മൃഗത്തിന്റെ ഉടമയില്‍ നിന്നും ഈടാക്കുകയും ചെയ്യുമെന്ന് അതോറിറ്റിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.