ഭോപ്പാൽ : മധ്യപ്രദേശിലെ കർഷകരെല്ലാം സന്തോഷത്തിലാണ്. കാരണം അവരുടെ പശുക്കൾക്കായി ഒരു മത്സരം നടക്കാൻ പോകുകയാണ്. മത്സരത്തിൽ പശുവിന് ഉയർന്ന പാലുൽപാദനമുണ്ടെങ്കിൽ ഉടമസ്ഥന് ലഭിക്കുന്നത് 2 ലക്ഷം രൂപയാണ്.
ബ്ലോക്ക് മുതൽ സംസ്ഥാനതലത്തിൽ വരെ നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് ലഭിക്കുന്ന മൊത്തം സമ്മാനം ഏകദേശം 1.20 കോടി രൂപയാണ്.
സംസ്ഥാനത്ത് പശുക്കളെ സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് ഈ മത്സരം നടപ്പാക്കുന്നത്.
അടുത്തിടെ ഹരിയാന സർക്കാരും ഇത്തരത്തിൽ ഇന്ത്യൻ പശുക്കളെ വളർത്തുന്നതും, സംരക്ഷിക്കുന്നതും ലക്ഷ്യമാക്കി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.
മത്സരത്തിൽ പങ്കെടുക്കുന്നതിന് പശു ഇന്ത്യൻ ഇനമായിരിക്കണം. കൂടാതെ അവയ്ക്ക് നാല് ലിറ്ററിൽ കൂടുതൽ പാൽ ലഭിക്കുന്നതുമായിരിക്കണം.
ബ്ലോക്ക്, ഡിസ്ട്രിക്റ്റ്, സ്റ്റേറ്റ് എന്നി ലെവലിലാണ് മത്സരം നടക്കുക. സംസ്ഥാനതല മത്സരം ഡിസംബറിൽ ആരംഭിക്കും.
സംസ്ഥാനതലത്തിൽ വിജയിക്കുന്ന പശുവിൻ 2 ലക്ഷം രൂപ ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന പശുവിന് 1,50,000 രൂപയും സമ്മാനമായി നൽകും.
അതുപോലെ ജില്ലാതല വിജയിക്ക് 50,000 രൂപയും ബ്ലോക്ക് ലെവലിൽ 10,000 രൂപയും ക്യാഷ് അവാർഡായി നൽകും.
പശുക്കൾക്ക് ഏറ്റവും മികച്ച സംരക്ഷണം നൽകുക എന്ന സന്ദേശം കർഷകരിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും, പാലിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല പകരം പശുവിന്റെ ആരോഗ്യം, അവയെ സംരക്ഷിക്കുന്ന രീതികൾ എന്നിവയും മത്സരത്തിൽ പരിഗണിക്കുമെന്നും മൃഗ സംരക്ഷണ വകുപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ കേദാർ സിംഗ് പറഞ്ഞു.
ഇന്ത്യൻ പശുക്കളെ സംരക്ഷിക്കുകയും ജേഴ്സികൾ പോലെയുള്ള വിദേശ ഇനങ്ങളോട് മത്സരിക്കാൻ അവയെ മെച്ചപ്പെടുത്തിയെടുക്കുക എന്നതും പ്രധാന ഘടകമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ ഇനങ്ങൾ ഇന്ത്യയിൽ എത്തിയതോടെ നമ്മുടെ പശുക്കളെ കർഷകർ അവഗണിക്കുകയാണ്. അതിനാൽ ഈ മത്സരത്തിലൂടെ അവർക്ക് ഇന്ത്യൻ പശുക്കളുടെ പാലുൽപാദനം വർധിപ്പിക്കുന്നതിനെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുമെന്നും കേദാർ സിംഗ് വ്യക്തമാക്കി.
റിപ്പോർട്ട്: രേഷ്മ പി.എം