കുവൈറ്റില്‍ ഓക്സ്ഫോഡ് രണ്ടാം ഡോസ് വിതരണം തുടങ്ങി

കുവൈറ്റ് സിറ്റി: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഓക്സ്ഫോഡ് ആസ്ട്രസെനക്ക വാക്സിന്റെ രണ്ടാം ഡോസ് വിതരണം കുവൈറ്റില്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സബാഹ് അറിയിച്ചതാണിത്.

മെയ് 10ന് കുവൈറ്റിലെത്തിയ ഓക്സ്ഫോഡ് വാക്സിന്റെ പുതിയ ബാച്ചുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ ആസ്‌ട്ര സെനക്ക അധികൃതരില്‍ നിന്ന് ലഭിക്കാനുണ്ടായിരുന്ന ചില റിപ്പോര്‍ട്ടുകള്‍ കുവൈറ്റില്‍ എത്തിയ പശ്ചാത്തലത്തിലാണ് രണ്ടാം ഡോസ് വിതരണം ചെയ്യാന്‍ വഴിയൊരുങ്ങിയത്.

വാക്സിന്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരിശോധനയകളുടെ റിപ്പോര്‍ട്ട് കൈമാറുന്നത് വൈകിയതോടെ വാക്സിന്‍ വിതരണവും നീളുകയായിരുന്നു. ഓക്സ്ഫോഡ് ആസ്ട്ര സെനക്ക വാക്സിന്റെ രണ്ടാം ഡോസ് എത്രയും വേഗം വിതരണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം വക്താവ് അറിയിച്ചു.

ആദ്യ ഡോസ് ലഭിച്ചവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട മൊബൈല്‍ സന്ദേശം ഇതിനകം അയച്ചു കഴിഞ്ഞു. വാക്സിന്‍ എടുക്കേണ്ട തീയതി, സ്ഥലം, സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് എ്സഎംഎസ്സിലുള്ളത്. രണ്ടാം ഡോസ് വിതരണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെയും ജീവനക്കാരെയും നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും രണ്ടാം ഡോസ് വിതരണം. കുവൈറ്റിലെ കേന്ദ്രീകൃത വാക്സിന്‍ വിതരണ കേന്ദ്രമായ കുവൈറ്റ് ഇന്റര്‍നാഷനല്‍ ഫെയര്‍ഗ്രൗണ്ടില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ വാക്സിന്‍ നല്‍കും.

ഇവയ്ക്കു പുറമെ, ശെയ്ഖ് ജാബിര്‍ ബ്രിഡ്ജിലെ വിതരണ കേന്ദ്രത്തില്‍ വൈകിട്ട് അഞ്ചു മണി മുതല്‍ രാത്രി 10 മണി വരെയും വിതരണം നടക്കും. വിതരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി വരും ദിനങ്ങളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു.

രണ്ടാം ഡോസ് വാക്സിനെടുക്കുന്ന എല്ലാ സ്വദേശികളും വിദേശികളും ഭാവി ആവശ്യങ്ങള്‍ക്കുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മൊബൈലില്‍ ഇമ്മ്യൂണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.

കുവൈറ്റില്‍ വാക്സിനേഷന്‍ ക്യാംപയിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വിതരണം ആരംഭിച്ച ഓക്സ്ഫോഡ് ആസ്ട്രസെനക്കയുടെ വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിക്കാന്‍ 3.3 ലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

നിര്‍മാണ കമ്പനിയില്‍ നിന്നുള്ള ആവശ്യമായ രേഖകള്‍ എത്തിയതോടെ ഇവര്‍ക്കിടയിലെ ആശങ്കകള്‍ നീങ്ങിയതായി അല്‍ ജരീദ പത്രം റിപ്പോര്‍ട്ട് ചെയ്തു. നാലു ലക്ഷം ഡോസുകളുമായി മെയ് 10ന് തന്നെ ഓക്സ്ഫോഡിന്റെ മൂന്നാം ഷിപ്പ്മെന്റ് കുവൈറ്റിലെത്തിയിരുന്നു.

എന്നാല്‍ അവയുമായി ബന്ധപ്പെട്ട രേഖകള്‍ മെയ് 31ഓടെ കൈമാറാമെന്നായിരുന്നു നിര്‍മാതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ അത് വീണ്ടും നീളുകയായിരുന്നു. ഒടുവില്‍ ജൂണ്‍ എട്ടിന് അവ ലഭിച്ചതോടെ തടസ്സം നീങ്ങി രണ്ടാം ഡോസ് വിതരണം തുടങ്ങുകയായിരുന്നു.

 

Top