ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമെത്തുന്നത് ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രാ സെനകയും വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ ആയിരിക്കുമെന്ന് ഉറപ്പായി. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനുകളും ഇതിനു പിന്നാലെ വിപണിയിലെത്തും.
മനുഷ്യരിലുള്ള പരീക്ഷണത്തില്‍ മറ്റു വാക്സിനുകളെ അപേക്ഷിച്ച് ഓക്‌സ്ഫഡ് വാക്സിനാണ് ഏറെ മുന്നിലുള്ളത്. പൂനൈ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്സിന്റെ നിര്‍മാണ പങ്കാളി.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടും മൂന്നും ഘട്ട ഹ്യൂമന്‍ ട്രയല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട 17 സ്ഥലങ്ങളില്‍ 18 വയസിനു മുകളിലുള്ള 1,600 പേരിലാണു വാക്സിന്‍ പരീക്ഷിക്കുന്നത്. ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്നു വികസിപ്പിച്ച കോവാക്സിനും സൈഡസ് കാഡില്ലയുടെ സൈകോവ് ഡിയും ഒന്നും രണ്ടും ഘട്ട പരീക്ഷണത്തിലാണുള്ളത്. ഈ രണ്ടു മരുന്നുകളും അഞ്ച് മുതല്‍ എട്ടു വരെ കേന്ദ്രങ്ങളില്‍ ആയിരത്തോളം പേരിലാണു പരീക്ഷിക്കുന്നത്.
ഓക്സ്ഫഡ് വാക്സിന്‍ യുകെയില്‍ പൂര്‍ത്തിയാക്കിയ ആദ്യഘട്ട പരീക്ഷണങ്ങളില്‍ ശുഭകരമായ ഫലമാണു ലഭിച്ചത്. ഇന്ത്യയില്‍ നിര്‍മാണ പങ്കാളി കൂടി ഉള്ള സാഹചര്യത്തില്‍ രാജ്യത്ത് ഏറ്റവുമാദ്യം ലഭിക്കുക ഈ വാക്‌സിന്‍ തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷ.