ഓക്‌സ്ഫഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അഞ്ജാത രോഗം; പരീക്ഷണം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഓക്‌സ്ഫഡ്- അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇയാള്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കുന്നത്.

ജൂലായ് 20നാണ് ഓക്‌സ്ഫഡ് സര്‍വകലാശാല കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ തയ്യാറായാല്‍ അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്‌സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്. 2021 ജനുവരിയോടെ വാക്സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍.

Top