ന്യൂഡല്‍ഹി: ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ജൂലൈ വരെ മാത്രമേ കുറഞ്ഞ വിലയ്ക്ക് ലഭിക്കൂ. അതിനു ശേഷം വില ഉല്‍പാദക കമ്പനിയായ അസ്ട്രാസെനക തീരുമാനിക്കും. വാക്‌സിന്‍ ലാഭമെടുക്കാതെ ലഭ്യമാക്കുമെന്ന് നേരത്തേ നല്‍കിയ വാഗ്ദാനം അടുത്ത ജൂലൈ വരെ മാത്രമേയുള്ളൂവെന്നും അതുവരെയേ കോവിഡിനെ മഹാമാരിയായി കണക്കാക്കാനാകൂ എന്നുമാണ് കമ്പനിയുടെ നിലപാട്.
അസ്ട്രാസെനക അടക്കം ഒട്ടേറെ കമ്പനികള്‍ക്കു വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വാക്‌സിന്‍ ഗവേഷണത്തിനു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. അതിനാലാണ് അസ്ട്രാസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ കമ്പനികള്‍ ലാഭമെടുക്കാതെ വാക്‌സിന്‍ ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചിരുന്നത്. ചെലവാകുന്ന തുക മാത്രം വില നിര്‍ണയത്തില്‍ പരിഗണിക്കുമെന്നായിരുന്നു വാഗ്ദാനം.