ന്യൂഡല്‍ഹി: ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ കേസില്‍ പ്രമുഖ ഹോട്ടല്‍ വ്യവസായി നവനീത് കല്‍റക്കെതിരേ പോലീസ് അന്വേഷണം. നിലവില്‍ നവനീത് കല്‍റ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
നവനീതിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഹോട്ടലുകളില്‍നിന്ന് അഞ്ഞൂറിലധിം ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. തെക്കന്‍ ഡല്‍ഹിയിലെ ലോധി കോളനിയിലെ ബാര്‍ ഹോട്ടലില്‍നിന്ന് മാത്രം 419 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കണ്ടെടുത്തിരുന്നു. ഡല്‍ഹി ഖാന്‍ മാര്‍ക്കറ്റിലെ രണ്ട് ഹോട്ടലുകളില്‍നിന്നായി 105 കോണ്‍സെന്‍ട്രേറ്ററുകളും പിടിച്ചെടുത്തു.
16,000 മുതല്‍ 20,000 രൂപ വരെ വിലയുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ 50,000 മുതല്‍ 70,000 രൂപ വരെ ഈടാക്കിയാണ് ഇവര്‍ വില്‍പന നടത്തിയിരുന്നതെന്നും ഇന്ത്യാടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഉയര്‍ന്നവിലയ്ക്കാണ് നവനീതും സംഘവും ഇവ വില്‍പ്പന നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ ഖാന്‍ ചാച്ച ഹോട്ടല്‍ ശൃംഖലയുടെ ഉടമയാണ് നവനീത് കല്‍റ.