ന്യൂഡല്‍ഹി: ബംഗ്ലാദേശിലേക്ക് 200 മെട്രിക് ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്‍ വഹിച്ചുകൊണ്ടുള്ള ഓക്‌സിജന്‍ എക്‌സ്പ്രസ് പുറപ്പെടുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഓക്‌സിജനുമായി ട്രെയിന്‍ വിദേശരാജ്യത്തേക്ക് സര്‍വീസ് നടത്തുന്നത്.
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയുടെ ചക്രധര്‍പൂര്‍ ഡിവിഷനിലെ ടാറ്റയില്‍ നിന്ന് 200 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ബംഗ്ലദേശിലെ ബെനാപോളിലേക്കാണ് എത്തിക്കുക. ബംഗ്ലദേശിലേക്ക് പത്ത് കണ്ടെയ്‌നറുകളിലായാണ് ഓക്‌സിജന്‍ കയറ്റിവിടുന്നത്. ട്രെയിന്‍ യാത്ര ആരംഭിക്കുന്നതിന്റെ വിഡിയോ റെയില്‍വേ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവച്ചു.
ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ആവശ്യമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 2021 ഏപ്രില്‍ 24ന് ആണ് ഇന്ത്യന്‍ റെയില്‍വേ ഓക്‌സിജന്‍ എക്‌സ്പ്രസ് ആരംഭിച്ചത്. ഇതിനോടകം 35,000 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ 15 സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു. ഏകദേശം 480 ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ ഇതിനുവേണ്ടി ഉപയോഗിച്ചു.