ഹോം ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിമീറ്റര്‍ സൗജന്യമായി നല്‍കും; പഞ്ചാബ് മുഖ്യമന്ത്രി

ഹരിയാന: പഞ്ചാബില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സൗജന്യമായി ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. നേരത്തെ, പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും തെരുവുകളിലും സമീപ പ്രദേശങ്ങളിലും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്റെ പ്രഖ്യാപനം. എന്നാല്‍ കെജ്രിവാളിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നല്ല ഈ തീരുമാനമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 50000 ഓക്‌സിമീറ്റര്‍ നല്‍കാനാണ് തീരുമാനം. പഞ്ചാബിലെ ജനങ്ങള്‍ക്ക് ഓക്‌സിമീറ്റര്‍ നല്‍കാനുള്ള ആം ആദ്മി പാര്‍ട്ടി തീരുമാനത്തെ അമരീന്ദര്‍ സിംഗ് എതിര്‍ത്തിരുന്നു. പഞ്ചാബില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നും നിങ്ങളുടെ ഓക്‌സിമീറ്റര്‍ ഞങ്ങള്‍ക്ക് വേണ്ട എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഉപയോഗിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഓക്‌സിമീറ്റര്‍ വിതരണം ചെയ്യുന്നത് വഴി ജനങ്ങള്‍ക്ക് രക്തത്തിലെ ഓക്‌സിജന്റെ അളവ് സ്വയം പരിശോധിക്കാന്‍ സാധിക്കും. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികള്‍ക്ക് ഉടന്‍ തന്നെ ആശുപത്രിയിലെത്താനും കഴിയും. എത്രയും പെട്ടെന്ന് തന്നെ ജനങ്ങള്‍ക്ക് ഓക്‌സിമീറ്റര്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top