ഓസില്‍ ഇനി ജര്‍മ്മനിക്കായി ബൂട്ട്‌കെട്ടില്ല; വംശീയ അധിക്ഷേപം ഹൃദയവേദനയുണ്ടാക്കിയെന്ന് കുറിപ്പ്

മ്യൂനിക്ക്: ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസൂട് ഓസില്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. റഷ്യ ലോകകപ്പിന്റെ കിക്കോഫിനു മുന്‍പേ തുടങ്ങി ആദ്യ റൗണ്ടില്‍ ജര്‍മനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച രാഷ്ട്രീയ- കായിക വിവാദത്തിനൊടുവിലാണ് നടപടി.

ടീമിനു തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാല്‍ രാജി വയ്ക്കുന്നുവെന്ന് ഞായറാഴ്ച അര്‍ധരാത്രിയോടെ ഓസില്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന്റെ താരമായ ഓസില്‍ ക്ലബ് ഫുട്‌ബോളില്‍ തുടരും. കാല്‍പന്തുകളിയിലെ ഏറ്റവും മികച്ച പ്ലേ മേക്കര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് ഇരുപത്തൊന്‍പതുകാരനായ ഓസില്‍. ജര്‍മനിക്കായി 92 കളിയില്‍ 23 ഗോള്‍ നേടിയിട്ടുണ്ട്.

തുര്‍ക്കി വംശജരായ ഓസിലും സഹതാരം ഇല്‍ക്കേ ഗുന്‍ഡോഗനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതിന്റെ പേരില്‍ വംശീയാധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയനായിരുന്നു.

”എര്‍ദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ്. ഞാനൊരു പ്രഫഷനല്‍ ഫുട്‌ബോള്‍ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. എന്നാല്‍, ചിത്രമെടുത്തതിന്റെ പേരില്‍ ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ മേഖലയില്‍നിന്ന് എതിര്‍പ്പുണ്ടായി. ഇനിയും ജര്‍മനിയുടെ ജഴ്‌സി ഞാന്‍ ധരിക്കുന്നത് അവര്‍ക്കിഷ്ടമല്ലെന്നു മനസ്സിലായി.

2009ല്‍ രാജ്യാന്തര ഫുട്‌ബോളില്‍ അരങ്ങേറിയതു മുതല്‍ ഇതുവരെ നേടിയതെല്ലാം സകലരും മറന്നുപോയിരിക്കുന്നു. വംശീയാധിക്ഷേപത്തില്‍ അഭിരമിക്കുന്നവരെ ഫിഫ പോലെ വിശാല കാഴ്ചപ്പാടുള്ള സംഘടനകളില്‍ ഉള്‍പ്പെടുത്തരുത്. വിവിധ വംശപാരമ്പര്യമുള്ളവരുടെ കളിയാണു ഫുട്‌ബോള്‍. ഈ സാഹചര്യത്തില്‍, ജര്‍മന്‍ ദേശീയ ടീമില്‍ തുടരുന്നതില്‍ അര്‍ഥമില്ല. വലിയ ഹൃദയഭാരത്തോടെ തന്നെയാണ് ഈ തീരുമാനമെടുത്തത് – ഓസില്‍ കത്തില്‍ വിശദമാക്കി.

റഷ്യന്‍ ലോകകപ്പില്‍ നിന്ന് ക്വാര്‍ട്ടറില്‍ ജര്‍മനി പുറത്തായതില്‍ ഓസിലിനെതിരെ ജനരോഷം ശക്തമായിരുന്നു. ടീം മാനേജര്‍ ഒളിവര്‍ ബിയറോഫും ഓസിലിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Top