കോഴിക്കോട്: ഡിവൈഎഫ്‌ഐ പുതിയ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് മുന്‍ പൊലീസ് കമ്മീഷണറുടെ മകന്‍.
കണ്ണൂര്‍ എസ്പിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായും ഏറെകാലം പ്രവര്‍ത്തിച്ച പി.എം അബ്ദുള്‍ ഖാദറാണ് റിയാസിന്റെ പിതാവ്.
കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് എസ് എഫ് ഐ സംഘടനാ രംഗത്തേക്ക് റിയാസ് കടന്ന് വരുമ്പോള്‍ സിറ്റിയില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറായി അബ്ദുള്‍ ഖാദറുമുണ്ടായിരുന്നു.
എസ്എഫ്‌ഐയും പൊലീസും നിരന്തരം മുഖാമുഖം ചീറിയടുത്ത പല സന്ദര്‍ഭങ്ങളിലും മേലുദ്യോഗസ്ഥന്റെ മകന്റെ സാന്നിധ്യം പൊലീസ് ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നെങ്കിലും വിപ്ലവ വീര്യം തലക്ക് പിടിച്ച് മകന്‍ പിന്‍മാറാന്‍ കൂട്ടാക്കിയിരുന്നില്ല.
സംസ്ഥാനത്ത് ഏറ്റവും തീഷ്ണമായ പോരാട്ടം എസ് എഫ് ഐ നടത്തിയ 99-2004 കാലഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് പൊലീസ് ലാത്തിചാര്‍ജജില്‍ നിരവധി തവണ റിയാസിന് പരിക്ക് പറ്റിയിട്ടുണ്ട്.
അക്കാലത്ത് കോഴിക്കോട് ജില്ലയില്‍ എസ് എഫ് ഐ സമരത്തിന് നേതൃത്വം കൊടുക്കാന്‍ അകാലത്തില്‍ മരിച്ച എസ് എഫ് ഐ മുന്‍ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ എസ് ബിമല്‍, എം ആര്‍ ഹരീഷ്, കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ലാല്‍ കിഷോര്‍, പ്രസിഡന്റായിരുന്ന പി.സി രാജേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം പൊലീസ് മര്‍ദ്ദനത്തിനിരയായ റിക്കാര്‍ഡ് ആ കാലയളവില്‍ കോഴിക്കോട്ടെ എസ് എഫ് ഐ നേതാക്കള്‍ക്കായിരുന്നു.
തല പൊട്ടി ചോരയൊലിച്ച് പിടഞ്ഞ് വീണ ജില്ലാ സെക്രട്ടറി ലാല്‍ കിഷോറിനെ വീണ്ടും പൊലീസ് ആക്രമിക്കാന്‍ തിരിഞ്ഞപ്പോള്‍ വളഞ്ഞ് നിന്ന് ചെറുത്ത് അടി ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥിനികളുടെ വിപ്ലവ വീര്യത്തിന് മുന്നില്‍ പൊലീസ് പോലും പകച്ച് പോയതും ചരിത്രം.
എസ് എഫ് ഐ – ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയായിരിക്കുമ്പോള്‍ തന്നെ അനവധി തവണ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ റിയാസിന് പരിക്ക് പറ്റിയിട്ടുണ്ട്.
പിതാവ് സര്‍വ്വീസിലുള്ളപ്പോഴും വിരമിച്ചപ്പോഴും പൊലീസുമായി സമരസപ്പെട്ട് പോവാന്‍ റിയാസും… ആദ്യം നല്‍കിയ ‘ആനുകൂല്യം’ പിന്നീട് തുടര്‍ന്ന് നല്‍കാന്‍… പൊലീസും തയ്യാറായില്ലന്നതാണ് യാഥാര്‍ത്ഥ്യം.
നിലവില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോ. സെക്രട്ടറിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ഡിവൈഎഫ്‌ഐ സമ്മേളന പതാക ജാഥ കന്യാകുമാരിയില്‍ പൊലീസ് തടഞ്ഞ് പതാകയേന്തി ജാഥ നടത്താന്‍ പറ്റില്ലന്ന് പറഞ്ഞപ്പോള്‍ ‘ഇത് തടയണമെങ്കില്‍ ഞങ്ങള്‍ മരിക്കണ’മെന്ന് പറഞ്ഞ് റിയാസ് തിരിച്ചടിച്ചത് തമിഴ്‌നാട് പൊലീസിനെ പോലും അമ്പരിപ്പിച്ചിരുന്നു.
ഒടുവില്‍ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ വാശിക്ക് പൊലീസിന് വഴങ്ങേണ്ടി വന്നു.
എന്നാല്‍ ജാഥ കേരളത്തിലേക്ക് കടന്നയുടനെ റിയാസിനെയും ജാഥ ഉല്‍ഘാടനം ചെയ്ത സി പി എം പിബി അംഗം എം എ ബേബി അടക്കമുള്ളവരെയും പ്രതിചേര്‍ത്ത് തമിഴ്‌നാട് പൊലീസ് പക വീട്ടുകയും ചെയ്തു.
റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആകുമെന്നു 2016 സെപ്റ്റംബര്‍ 17 ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് express kerala ആയിരുന്നു.സിപിഎം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ലഭിച്ച വിവര പ്രകാരമായിരുന്നു അത്.