തിരുവനന്തപുരം: ജനപക്ഷം നേതാവ് പി.സി ജോര്‍ജിനൊപ്പം കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എം.എല്‍.എമാരും ബി.ജെ.പിക്കൊപ്പം പോകുമോ?. ഇരുമുന്നണികള്‍ക്കുമെതിരെ മത്സരിച്ച് എം.എല്‍.എയായ കേരള രാഷ്ട്രീയത്തിലെ കറുത്ത കുതിര പി.സി ജോര്‍ജിന്റെ നീക്കങ്ങളില്‍ നെഞ്ചിടിപ്പോടെ ഇടതുവലതു മുന്നണികള്‍.
ശബരിമല പ്രശ്‌നം ഉയര്‍ത്തി ഇന്ന് നാല് എം.എല്‍.എമാരാണ് കറുപ്പണിഞ്ഞ് നിയമസഭയിലെത്തിയത്. ബി.ജെ.പി എം.എല്‍.എ രാജഗോപാലും ബി.ജെ.പിയുമായി സഹകരിക്കുമെന്നു പ്രഖ്യാപിച്ച പി.സി ജോര്‍ജിനുമൊപ്പം കേരള കോണ്‍ഗ്രസ് എം.എല്‍.എമാരായ എന്‍.ജയരാജും റോഷി അഗസ്റ്റിനും.
നേരിയ ഭൂരിപക്ഷമുണ്ടായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കാന്‍ നെയ്യാറ്റിന്‍കരയിലെ സി.പി.എം എം.എല്‍.എയായിരുന്ന സെല്‍വരാജിനെ സി.പി.എമ്മില്‍ നിന്നും രാജിവെപ്പിച്ച് കോണ്‍ഗ്രസിലെത്തിച്ച തന്ത്രജ്ഞനാണ് പി.സി ജോര്‍ജ്. സെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എയുമായി. മന്ത്രി സ്ഥാനം മോഹിച്ച പി.സി ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം കൊണ്ട് തൃപ്തനായിരുന്നില്ല. മാണിയുമായി ഇടഞ്ഞ് കേരള കോണ്‍ഗ്രസ് വിട്ട പി.സി പൂഞ്ഞാറില്‍ ഇടതുവലതുമുന്നണികള്‍ക്കെതിരെ ജനപക്ഷമെന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി വിജയിച്ചാണ് വീണ്ടും നിയമസഭയിലെത്തിയത്.
കേരള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായി പി.സി തോമസും എന്‍.ഡി.എക്കൊപ്പമുണ്ട്. കെ.എം മാണിയോട് ഇടഞ്ഞ് കേരള കോണ്‍ഗ്രസ് വിട്ട പി.സി തോമസ് ഐ.എഫ്.ഡി.പി എന്ന പാര്‍ട്ടിയുണ്ടാക്കി. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായി മത്സരിച്ച് കെ.എം മാണിയുടെ മകന്‍ ജോസ് കെ. മാണിയെ പരാജയപ്പെടുത്തിയിരുന്നു. അതുവരെ കേരളത്തില്‍ അക്കൗണ്ട് തുറക്കാത്ത ബി.ജെ.പിക്ക് കേരളത്തില്‍ നിന്നും ലഭിച്ച ആദ്യ ലോക്‌സഭ എം.പിയായിരുന്നു പി.സി തോമസ്.
വാജ്‌പേയി മന്ത്രിസഭയില്‍ നിയമവകുപ്പ് സഹമന്ത്രിയുമായി പി.സി തോമസ് മാറി. പിന്നീട് ഐ.എഫ്.ഡി.പി പിരിച്ചുവിട്ട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്ന പി.സി തോമസ് ഇടതുമുന്നണിയുടെ ഭാഗമായി. ജോസഫ് വിഭാഗം മാണിഗ്രൂപ്പുമായി ലയിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗവുമായി ബി.ജെ.പിയുമായി സഹകരിച്ചത്.
കത്തോലിക്കാ സഭാ നേതൃത്വവുമായുള്ള അടുപ്പമാണ് കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ പി.ടി ചാക്കോയുടെ മകനായ പി.സി തോമസിന്റെ കൈമുതല്‍. അഴിമതിക്കും അനീതിക്കുമെതിരെ മുഖംനോക്കാതെ പ്രതികരിക്കുന്ന നേതാവെന്ന പ്രതിഛായയാണ് പി.സി ജോര്‍ജിന്റെ മുഖമുദ്ര. കേരള കോണ്‍ഗ്രസിലെ പല എം.എല്‍.എമാരുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ട്.
ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് വിട്ട കെ.എം മാണിയെ എന്‍.ഡി.എ സഖ്യകക്ഷിയാക്കാന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ജോസ് .കെ മാണിക്ക് കേന്ദ്രസഹമന്ത്രിസ്ഥാനം വരെ വാഗ്ദാനമുണ്ടായി. എന്നാല്‍ മാണി യു.ഡി.എഫിലേക്കു മടങ്ങിയതോടെ ആ വഴിയടഞ്ഞു. പി.സി ജോര്‍ജിനെ ഒപ്പം കൂട്ടി കേരള കോണ്‍ഗ്രസിലെ എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനുള്ള നീക്കമാണ് ബി.ജെ.പി പയറ്റുന്നത്.