വിദ്വേഷ പ്രസംഗക്കേസ്: പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ മുൻ എംഎൽഎ പി സി ജോർജ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ഫോർട്ട് എ സി ഓഫിസിൽ ഹാജരാകണമെന്നാണ് പി സി ജോർജിന് നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് പി സി ജോർജ് അറിയിച്ചിട്ടുണ്ട്.

പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ആഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോർജിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പൊലീസിന് മുന്നിൽ ഹാജരാകാതെ ജോർജ് ത്യക്കാക്കരയിൽ പോകുകയായിരുന്നു. ഇതോടെ ജോർജിന് പൊലീസ് വീണ്ടും നോട്ടീസ് നൽകി. തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയിൽ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോർജ് മറുപടി നൽകുകയായിരുന്നു.

ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി. പൊലീസിന് മുൻപിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി. കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.

Top