ന്യൂഡല്‍ഹി: യുവതികളുടെ മരണ ഭൂമിയായി മാറി ഉത്തര്‍പ്രദേശ് സംസ്ഥാനമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ആരോപിച്ചു. അതേസമയം കൊലപാതക നിലമായി രാജ്യം മാറിയതായും സ്ത്രീസുരക്ഷ ഉറപ്പ് വരുത്താന്‍ എല്ലാ പുരുഷന്‍മാര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാത്രമല്ല ഇത്തരം ആക്രമണങ്ങള്‍ക്ക് വളം വെച്ച് കൊടുക്കുന്നത് ബിജെപി സര്‍ക്കാരാണെന്നും ആ ഭരണം അവസാനിക്കാത്തിടത്തോളം കാലം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുമെന്നും ചിദംബരം പറഞ്ഞു. നിര്‍ഭയ ഫണ്ട് പോലും സര്‍ക്കാര്‍ ശരിയായി വിനിയോഗിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ ചിദംബരം തീഹാര്‍ ജയിലില്‍ നിന്നും ബുധനാഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നത്. അന്വേഷണത്തോട് സഹകരിക്കണം, രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം, രാജ്യംവിട്ട് പോകരുത്, പാസ്‌പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം, കേസിനെപ്പറ്റി പരസ്യപ്രസ്താവനകള്‍ നടത്തരുത് എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.