ചിദംബരത്തിന് തിരിച്ചടി; കസ്റ്റഡി കാലാവധി നാല് ദിവസം നീട്ടി

ന്യൂഡല്‍ഹി പി.ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസം കൂടിയാണ് നീട്ടി നല്‍കിയത്. സിബിഐ പ്രത്യേക കോടതിയുടേതാണ് തീരുമാനം. മറ്റ് പ്രതികള്‍ക്കൊപ്പം ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.

അതേസമയം ജാമ്യത്തിനായി ഏത് ഉപാധിയും സ്വീകാര്യമാണെന്ന് ചിദംബരം കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു തോന്നിയാല്‍ ജാമ്യം റദ്ദാക്കാമെന്നും അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ചിദംബരത്തിന്റെ വാദം അംഗീകരിക്കാതെയാണ് കോടതി നടപടി. അറസ്റ്റിനു ശേഷവും ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.

മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ പി. ചിദംബരത്തിന്റെ ഹര്‍ജി രാവിലെ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കണമെന്നും നിര്‍ദേശിച്ചു. അറസ്റ്റിനെതിരായ പുതിയ ഹര്‍ജി ലിസ്റ്റ് ചെയ്യാത്തതിനാല്‍ പരിഗണിച്ചില്ല.

അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും റിമാന്‍ഡ് ചെയ്തതിനും എതിരായ ഹര്‍ജി ഇന്നു പരിഗണിക്കാനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹര്‍ജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അറിയിച്ചു.

Top