പനാജി: അടുത്ത വര്‍ഷം നടക്കുന്ന ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് പി ചിദംബരം. പനാജിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിദംബരത്തിന്റെ നേതൃത്വത്തിലാണ് ഗോവയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
ചരിത്രം പറയാം, ഗോവയില്‍ ജയിച്ചാല്‍ ദില്ലിയും ജയിക്കും. 2007ല്‍ ഗോവ നേടി 2009ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയിച്ചു. 2012ല്‍ നമുക്ക് ഗോവ നഷ്ടപ്പെട്ടു. 2014ല്‍ നമ്മള്‍ ലോക്‌സഭയിലും തോറ്റു.2017ല്‍ നമ്മള്‍ പാര്‍ട്ടിയംഗങ്ങള്‍ വിജയിച്ചിട്ടും പക്ഷേ നിയമസഭാംഗങ്ങള്‍ക്ക് ഗോവ നഷ്ടമായി.
ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. 2022ല്‍ ഗോവയും 2024ല്‍ ദില്ലിയും പിടിക്കും. ചരിത്രം നമ്മുടേതാണ്. ഗോവയുടെ സുവര്‍ണ വര്‍ഷങ്ങള്‍ തിരികെവരും. വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ മുന്‍കാല വികസനം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി 17 സീറ്റുകള്‍ നേടിയെങ്കിലും അടുത്ത ദിവസം പുലരുമ്പേഴേക്കും ബിജെപി സര്‍ക്കാറുണ്ടാക്കി അധികാരത്തിലേറിയിരുന്നു. സ്വതന്ത്രരേയും ചില പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തിയ ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരേയും തങ്ങളോടടുപ്പിച്ചു. നിലവില്‍ നാല് കോണ്‍ഗ്രസ് എംഎല്‍മാര്‍ മാത്രമാണ് ഗോവയില്‍ കോണ്‍ഗ്രസിനുള്ളത്. ഇത് സൂചിപ്പിച്ചായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ ജയിച്ചിട്ടും ഗോവ നഷ്ടപ്പെട്ടെന്ന് ചിദംബരം പറഞ്ഞത്.