ന്യൂഡല്‍ഹി : ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തെ കസ്റ്റഡിയില്‍ കിട്ടണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഡല്‍ഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും.
ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ചോദ്യം ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ചിദംബരത്തെ ഹാജരാക്കാന്‍ തിഹാര്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശമുണ്ട്. നിലവില്‍ ഐ.എന്‍.എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ചിദംബരം.
സിബിഐ അറസ്റ്റ് ചെയ്ത അദ്ദേഹം കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ച് മുതല്‍ തിഹാര്‍ ജയിലിലാണ്. ആരോഗ്യപ്രശ്നമുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നും നാല് കിലോയോളം ഭാരം കുറഞ്ഞെന്നും അദ്ദേഹം നേരത്തെ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
ചിദംബരം ധനമന്ത്രിയായിരിക്കെ ഐ.എന്‍.എക്‌സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശ നിക്ഷേപം അനുവദിച്ചുവെന്ന് ആരോപിച്ചാണ് സി.ബി.ഐ കേസെടുത്തത്.