മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ അഴിക്കുള്ളിലാക്കിയതിന് പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപം. ഇന്ത്യയിലെ പല തീവ്രവാദ ആക്രമണങ്ങളിലും സംഘപരിവാറിന്റെ പങ്ക് കണ്ടെത്തുകയും ഇന്ത്യയില്‍ കാവി ഭീകരതയുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തത് ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തായിരുന്നു. ഇതാണിപ്പോള്‍ പുതിയ വിവാദത്തിനും വഴിമരുന്നിട്ടിരിക്കുന്നത്.
തന്നെ ജയിലിലാക്കിയതിനുള്ള പക അമിത് ഷാ അവസരം കിട്ടിയപ്പോള്‍ തീര്‍ത്തതാണെന്ന നിലപാടില്‍ നില്‍ക്കുന്നവര്‍പോലും ഇതോടെയിപ്പോള്‍ ആകെ ആശയകുഴപ്പത്തിലായിരിക്കുകയാണ്. എല്ലാ പകയും ഒരുമിച്ച് കത്തിപ്പടര്‍ന്നതാണ് ചിദംബരത്തിന് വിനയായതെന്ന് വിശ്വസിക്കുന്നവരും ഒട്ടും കുറവല്ല.
2010ല്‍ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നടന്ന പൊലീസ് മേധാവികളുടെ യോഗത്തിലാണ് കാവി ഭീകരത യാഥാര്‍ത്ഥ്യമാണെന്ന് ചിദംബരം തുറന്നുപറഞ്ഞിരുന്നത്. മുസ്ലീങ്ങളെ വംശഹത്യ നടത്തിയ ഗുജറാത്ത് കലാപത്തിനു ശേഷമായിരുന്നു ഇന്ത്യയില്‍ കാവി ഭീകര സംഘടനകള്‍ സജീവമാണെന്ന മുന്നറിയിപ്പുകള്‍ വന്നിരുന്നത്.
2006 സെപ്തംബര്‍ 6 ന് 37 പേര്‍ മരണപ്പെട്ട മലേഗാവ് സ്‌ഫോടനം, 2007 ഫെബ്രുവരി 18 ന് 68 പേര്‍ കൊല്ലപ്പെടാനിടയാക്കിയ സംജോദ എക്‌സ്പ്രസ് സ്‌ഫോടനം, 2007 മെയ് 18ന് 18 പേര്‍ മരണപ്പെട്ട മക്കാമസ്ജിദ് സ്‌ഫോടനം, 2007 ഒക്ടോബര്‍ 11 ന് മൂന്നു പേര്‍ മരണപ്പെട്ട അജ്മീര്‍ ദര്‍ഗ സ്‌ഫോടനം, 2008 സെപ്തംബര്‍ എട്ടിന് 11 പേര്‍ കൊല്ലപ്പെട്ട മലേഗാവ് രണ്ടാം സ്‌ഫോടനം എന്നിവയിലെല്ലാം സംഘപരിവാര്‍ സംഘടനകളുടെ ബന്ധങ്ങള്‍ കണ്ടെത്തിയിരുന്നു.
രണ്ടാം മലേഗാവ് സ്‌ഫോടനക്കേസില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവന്‍ ഹേമന്ദ് കര്‍ക്കരെ നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യയിലെ പല തീവ്രവാദ സ്‌ഫോടനങ്ങളുടെ പിന്നിലെയും ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്ക് പുറത്തുവന്നിരുന്നത്. മലേഗാവിലെ ബിക്കു ചൗക്കില്‍ മോട്ടോര്‍ സൈക്കിളിലായിരുന്നു ബോംബ് വെച്ചിരുന്നത്. ബൈക്കിന്റെ ഉടമ ഇപ്പോഴത്തെ ബി.ജെ.പി എം.പിയായ സ്വാധി പ്രഗ്യാസിങ് ഠാക്കൂറായിരുന്നു. ഈ കേസില്‍ പ്രഗ്യസിങ് ഠാക്കൂറിനൊപ്പം കേണല്‍ ശ്രീകാന്ത് പുരോഹിത്, മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന ബി.ജെ.പി എക്‌സ് സര്‍വീസ്‌മെന്റ് സെല്ലിന്റെ തലവന്‍ മേജര്‍ രമേശ് ഉപാധ്യായ എന്നിവരെല്ലാം അറസ്റ്റിലായിരുന്നു.
സംജോദ സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ളവരാണ് അറസ്റ്റിലായിരുന്നത്. രണ്ടാം മലേഗാവ് സ്ഫോടനം, അജ്മീര്‍, സംജോത, മക്കാ മസ്ജിദ് എന്നിവ കൂടാതെ 30ലധികം പേര്‍ കൊല്ലപ്പെട്ട 2006ലെ മലേഗാവ് സ്ഫോടനവും തങ്ങളാണ് നടത്തിയതെന്നായിരുന്നു അസിമാനന്ദയുടെ കുറ്റസമ്മതമൊഴി. ഈ കേസുകളില്‍ മുസ്ലീം ചെറുപ്പക്കാരെയാണ് ജയിലിലടച്ചിരുന്നത്.
മക്കാ മസ്ജിദ് സ്ഫോടനവുമായി ബന്ധമില്ലെന്നറിഞ്ഞിട്ടും മൊബൈല്‍ ഫോണ്‍ വില്‍പ്പനക്കാരനായ അബ്ദുല്‍കലീമിനെ പ്രതിയാക്കിയും ജയിലിലടച്ചു. അയാളുടെ സെല്ലിലാണ് അസീമാനന്ദയെയും പാര്‍പ്പിച്ചിരുന്നത്. കലീമിന്റെ ദയാവായ്പും സഹായവും തന്നെ കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന് അസീമാനന്ദയുടെ മൊഴിയിലുണ്ട്. എന്നാല്‍ അസീമാനന്ദ പിന്നീട് മൊഴി മാറ്റുകയും യു.പി.എ ഭരണം വീണതോടെ ഈ കേസ് അട്ടിമറിക്കപ്പെടുകയുമായിരുന്നു. ഇതോടെ അസീമാനന്ദ അടക്കമുള്ള പ്രതികളും കുറ്റവിമുക്തരായി.
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സുഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്ക് ക്ലീന്‍ചിറ്റ് ആണ് നല്‍കിയിരുന്നത്. ഇഷ്റത് ജഹാന്‍-പ്രാണേഷ് പിള്ള വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രതികളെയും വെറുതെ വിടുകയുമുണ്ടായി. മലേഗാവ്, അജ്മീര്‍, സംജോദ എക്സ്പ്രസ് തുടങ്ങി ഹിന്ദു തീവ്രവാദികള്‍ ഉള്‍പ്പെട്ട സ്ഫോടനക്കേസുകളെല്ലാം ഇതുപോലെ അട്ടിമറിക്കപ്പെട്ടവയാണ്. തീവ്രവാദ സ്‌ഫോടനങ്ങളില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പങ്ക് പുറത്തുകൊണ്ടുവന്ന മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ ഹേമന്ദ് കര്‍ക്കരെ മുംബൈ ഭീകരാക്രമണത്തിനിടെയാണ് കൊല്ലപ്പെട്ടത്.
കാവി ഭീകരതയെക്കുറിച്ച് ആഞ്ഞടിച്ച പി. ചിദംബരത്തെ ശക്തമായാണ് ആര്‍.എസ്.എസും ബി.ജെ.പിയും നേരിട്ടിരുന്നത്. പാര്‍ലമെന്റില്‍ ചിദംബരത്തെ ബഹിഷ്‌ക്കരിക്കുന്ന അവസ്ഥ വരെയുണ്ടായി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി, കശ്മീരിലെ ഭീകരതയുടെ നിറം പറയാമോ എന്നാണ് ചിദംബരത്തോട് ചോദിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനക്കെതിരെ സംസ്ഥാനത്ത് കാവി അഭിമാന പ്രചാരണം സംഘടിപ്പിച്ചാണ് മോദി ഇതിന് മറുപടി നല്‍കിയിരുന്നത്.
‘കാവി ഭീകരത പ്രയോഗത്തി’ല്‍ കോണ്‍ഗ്രസില്‍ നിന്നുപോലും ചിദംബരത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. ജനാര്‍ദ്ദന്‍ ദ്വിവേദി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചിദംബരത്തെ തള്ളിപ്പറയുകയും ചെയ്തു. മലേഗാവ് സ്‌ഫോടനത്തില്‍ ആരോഗ്യസ്ഥിതി മോശമാണെന്നു പറഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതി പ്രഗ്യസിങ് ഠാക്കൂറിനെയാകട്ടെ പാര്‍ലമെന്റിലേക്കയച്ചാണ് ബിജെപി ഞെട്ടിച്ചിരുന്നത്.
കാവി ഭീകരത എന്നു പറഞ്ഞ കോണ്‍ഗ്രസിനു മറുപടി നല്‍കാനാണ് പ്രഗ്യയ്ക്ക് മത്സരിക്കാന്‍ സീറ്റു നല്‍കിയതെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ആര്‍.എസ്.എസിന്റെ കടുത്ത വിമര്‍ശകനുമായ ദ്വിഗ്വിജയ് സിങിനെയാണ് ഭോപ്പാല്‍ മണ്ഡലത്തില്‍ പ്രഗ്യ പരാജയപ്പെടുത്തിയത്.
ഹിന്ദുത്വ ഗ്രൂപ്പുകള്‍ക്കും ആര്‍.എസ്.എസിനുമെതിരെ ആഭ്യന്തര മന്ത്രിയെന്ന നിലയിലെടുത്ത കടുത്ത നിലപാടാണ് ചിദംബരത്തെയും കുടുംബത്തെയും വേട്ടയാടാനുള്ള നീക്കത്തിനു പിന്നിലുള്ളതെന്നാണ് ഒരു വിഭാഗമിപ്പോള്‍ സംശയിക്കുന്നത്.
ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നേരത്തെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കേസില്‍ കുരുക്കിയിരുന്നു. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തെ 2018 ഫെബ്രുവരി 28ന് സി.ബി.ഐ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതി മാര്‍ച്ച് 23നാണ് കാര്‍ത്തിക്കിന് ജാമ്യം നല്‍കിയിരുന്നത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചിദംബരത്തിന്റെ മണ്ഡലമായിരുന്ന ശിവഗംഗയില്‍ നിന്നുമാണ് കാര്‍ത്തി വിജയിച്ചിരുന്നത്. ഇതിനുശേഷമാണിപ്പോള്‍ ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തന്നെ ചിദംബരത്തെയും അറസ്റ്റു ചെയ്തിരിക്കുന്നത്. എയര്‍സെല്‍ മാക്‌സിസ് കേസിലും ചിദംബരത്തിനും കാര്‍ത്തിക്കുമെതിരെ സി.ബി.ഐ കേസെടുത്തിട്ടുണ്ട്. ചിദംബരത്തെ വിടാന്‍ പോകുന്നില്ലെന്ന സൂചനയാണ് ഇതോടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. ഈ പ്രതികാര രാഷ്ട്രീയത്തെ പ്രതിരോധിക്കാനാവാതെ പകച്ചു നില്‍ക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വവും.
Staff Reporter