തിരുപ്പതിയില്‍ പണം എണ്ണുന്നവര്‍ ഇതിനേക്കാള്‍ വേഗം എണ്ണിതീര്‍ക്കും;ആര്‍ബിഐക്കെതിരെ ചിദംബരം

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നുണയാണ് നോട്ട് നിരോധനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തിന് ഒരു വര്‍ഷത്തിനു ശേഷവും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന ആര്‍ ബി ഐയുടെ നിലപാടിനെയും മുന്‍ധനമന്ത്രി രൂക്ഷമായി പരിഹസിച്ചു. ‘ഞാന്‍ ആര്‍ ബി ഐ അധികൃതരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് എന്തുകൊണ്ട് തിരുപ്പതി(ക്ഷേത്രം)യിലെ ഭണ്ഡാരത്തില്‍നിന്ന് പണം എണ്ണിത്തിട്ടപ്പെടുന്നവരുടെ അടുത്ത് പോയിക്കൂടാ? അവര്‍ നിങ്ങളെക്കാള്‍ വേഗത്തില്‍ പണം എണ്ണിത്തിട്ടപ്പെടുത്തും’ ആര്‍ ബി ഐ അധികൃതരോടായി ചിദംബരം പറഞ്ഞു.

2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നിരോധിച്ചത്. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം തിരികെയെത്തിയ നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന നിലപാടാണ് ആര്‍ ബി ഐ സ്വീകരിച്ചിരിക്കുന്നത്.

Top