ന്യൂഡല്‍ഹി:വംശീയാധിക്ഷേപം നടത്തിയ ബി.ജെ.പി നേതാവ് തരുണ്‍ വിജയിക്കെതിരെ പി.ചിദംബരം.
ദക്ഷിണേന്ത്യക്കാരെ അടച്ചാക്ഷേപിച്ച തരുണ്‍ വിജയ്‌യ്ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ കറുത്തവര്‍ഗക്കാര്‍ക്ക് ഒപ്പമാണു താമസിക്കുന്നതെന്ന വിജയ്‌യുടെ പ്രസ്താവനയില്‍, ആരാണ് ഈ ഞങ്ങള്‍? ഞങ്ങള്‍ എന്നത് ബിജെപിയും ആര്‍എസ്എസും മാത്രമാണോ? ഇവരെ മാത്രമേ ഇന്ത്യക്കാരായി കണക്കാക്കുന്നുള്ളോ? തമിഴ്‌നാട് സ്വദേശിയായ ചിദംബരം സമൂഹമാധ്യമമായ ട്വിറ്ററില്‍ ചോദിച്ചു.
When Tarun Vijay said "we live with blacks", I ask him who is "we"? Was he referring to BJP/RSS members as the only Indians?
— P. Chidambaram (@PChidambaram_IN) April 8, 2017
2017 ദക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാര്‍ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു തരുണ്‍ വിജയ്‌യുടെ പ്രസ്താവന.നൈജീരിയക്കാര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് ഒരു രാജ്യാന്തര ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു വിവാദ പരാമര്‍ശം.
‘കറുത്ത വര്‍ഗ്ഗക്കാര്‍ക്കെതിരെ ഇന്ത്യയില്‍ അമര്‍ഷമുണ്ടെന്നും അവരെ ആക്രമിക്കുമെന്നും പറയുന്നതു ശരിയല്ല. കാരണം കേരളം, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ കറുത്തവരുണ്ട്. അവരോടെപ്പമാണു ഞങ്ങള്‍ ജീവിക്കുന്നത്. ഇന്ത്യയില്‍ വിവിധ സമൂഹങ്ങളില്‍പ്പെട്ടവര്‍ പരസ്പരം ആക്രമിക്കാറുണ്ട്. കുറേനാള്‍ മുമ്പു ബിഹാറികളെ മഹാരാഷ്ട്രയില്‍ ആക്രമിച്ചിരുന്നു. മറാഠികളെ ബിഹാറിലും ആക്രമിച്ചു. എന്നാല്‍ ഇവ വംശീയമായ ആക്രമണമാണ് എന്നു പറയാനാവില്ല’– എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു മാധ്യമ പ്രതിനിധി ചോദിച്ച ചോദ്യത്തിനു തരുണ്‍ വിജയ് മറുപടി പറഞ്ഞത്.
സംഭവം വിവാദമായതിനെ തുടര്‍ന്നു തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വാദവുമായി തരുണ്‍ വിജയ് രംഗത്തെത്തിയിരുന്നു.